ജാതി നോക്കി ക്രിമിനല്‍ പട്ടിക തയ്യാറാക്കല്‍ വേണ്ട; കര്‍ശന നിര്‍ദേശവുമായി സുപ്രിം കോടതി
ന്യൂഡല്‍ഹി: ജാതി നോക്കി ക്രിമിനല്‍ പട്ടിക തയ്യാറാക്കുന്ന രീതിയില്‍ ഡല്‍ഹി പോലിസ് കൊണ്ടുവന്ന ഭേദഗതികള്‍ അംഗീകരിച്ച് സുപ്രിം കോടതി. 2024 മാര്‍ച്ചില്‍ ഭേദഗതി ചെയ്ത സ്റ്റാന്റിങ് ഓര്‍ഡറിലൂടെയാണ് സുപ്രിം കോടതി ഈ ഭേദഗതി അംഗീകരിച്ചത്. കുറ്റവാളികളുടെ പശ്ചാത്തലവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ക്രിമിനല്‍ പട്ടിക തയ്യാറാക്കുമ്പോള്‍ ജാതിയും പിന്നോക്കാവസ്ഥയും നോക്കി ആളുകളെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന രീതിയിലാണ് മാറ്റം വരുത്തിയത്.
ആം ആദ്മി പാര്‍ട്ടി എം.എല്‍.എ അമാനത്തുള്ള ഖാനെക്കുറിച്ച് തയ്യാറാക്കിയ ക്രിമിനല്‍ പട്ടികയിലെ ഉള്ളടക്കത്തെക്കുറിച്ച് സുപ്രിം കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. പട്ടികയില്‍ ഡല്‍ഹി പോലിസ് അദ്ദേഹത്തിന്റെ പങ്കാളിയുടെയും പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.
തുടര്‍ന്നാണ് പോലിസ് ഭേദഗതിക്കായി ഹരജി നല്‍കിയത്. സംശയാസ്പദമായ ഒരു വ്യക്തിയുടെ വിവരങ്ങളോടൊപ്പം അയാളുടെ കുടുംബാഗങ്ങളുടെ വിവരങ്ങള്‍ കൂടി നല്‍കുന്നത് അവരുടെ സ്വസ്ഥമായ ജീവിതത്തെ ബാധിക്കും എന്ന് മനസിലാക്കുന്നതിനാല്‍ പഴയ നിയമം മാറ്റാന്‍ തങ്ങള്‍ മുന്നോട്ടുപോകുമെന്ന് പോലിസ് പറഞ്ഞു.
ഹിസ്റ്ററി ഷീറ്റുകള്‍ പോലിസിന്റെ ആവശ്യത്തിന് ഉപയോഗിക്കാനുള്ള ഔദ്യോഗിക പട്ടിക മാത്രമാണെന്നും അതിലെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയാനുള്ളവയല്ലെന്നും കോടതി വ്യക്തമാക്കി. അതോടൊപ്പം പ്രായപൂര്‍ത്തിയാവാത്ത ഒരു വ്യക്തിയുടെ വിവരങ്ങള്‍ നല്‍കുന്നത് പോലിസ് കൂടുതല്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
നിരീക്ഷണത്തില്‍ വെക്കേണ്ട കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുമ്പോള്‍ ജാതി നോക്കി പട്ടിക തിരിക്കുന്ന ഈ അവസ്ഥ മാറേണ്ടിയിരിക്കുന്നു എന്നും സുപ്രിം കോടതി നിര്‍ദേശിച്ചു. ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ആറുമാസത്തിനകം ഇതില്‍ നടപടിയുണ്ടാക്കണമെന്ന് സുപ്രിം കോടതി പ്രത്യേകം ആവശ്യപ്പെട്ടു.
ജാതിയിലോ സാമ്പത്തികമായോ പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്ന നിഷ്‌കളങ്കരായ ആളുകള്‍ പോലും ഇത്തരത്തില്‍ കുറ്റവാളികളായി മുദ്രകുത്തപ്പെടുന്നു. പലപ്പോഴായി പോലിസിന്റെ അടുത്ത് നിന്നുണ്ടായിട്ടുള്ള ഇത്തരം അനാസ്ഥകളെ സുപ്രിം കോടതി വിമര്‍ശിച്ചു. ജാതിയോ സാമ്പത്തികാവസ്ഥയോ നോക്കി ആളുകളുടെ ക്രിമിനല്‍ പശ്ചാത്തലം നിര്‍ണയിക്കുന്ന രീതി പോലിസുകാര്‍ക്കിടയില്‍ ധാരാളമുണ്ട്. ഈ മുന്‍വിധി മാറണമെന്നും നിരവധി പേരാണ് ഇത്തരത്തില്‍ ഇരയാക്കപ്പെട്ടിട്ടുള്ളതെന്നും സുപ്രിം കോടതി പറഞ്ഞു.
നേത്തെ ക്രിമിനല്‍ ട്രൈബ്‌സ് നിയമത്തില്‍ ഉണ്ടായിരുന്നതും പിന്നീട് ഒഴിവാക്കപ്പെട്ടതുമായ സമുദായത്തില്‍പ്പെട്ടവരെ ഇത്തരത്തില്‍ ക്രിമിനല്‍ പട്ടികയിലേക്കുള്‍പ്പെടുത്തുന്ന സംഭവങ്ങള്‍ പലപ്പോഴായി നടന്നിരുന്നു. അത്തരം സമുദായങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാറുകള്‍ നടപടിയെടുക്കണമെന്നും സുപ്രിം കോടതി പറഞ്ഞു.