തമിഴ് സംവിധായകന്‍ ഷങ്കറിനെതിരേ ജാമ്യമില്ലാ വാറണ്ട്
എഴുത്തുകാരന്‍ അറൂര്‍ തമിഴ്‌നാടനാണ് ഷങ്കറിനെതിരേ എഗ്‌മോര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യെന്തിരനാക്കിയതെന്നാണ് അറൂര്‍ പരാതിയില്‍ പറയുന്നത്.
ചെന്നൈ: തമിഴ് സംവിധായകന്‍ ഷങ്കറിനെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ഷങ്കര്‍ സംവിധാനം ചെയ്ത യെന്തിരന്‍ സിനിമയുടെ കഥ മോഷ്ടിച്ചതാണെന്ന കേസിലാണ് ചെന്നൈ എഗ്‌മോര്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്. എഴുത്തുകാരന്‍ അറൂര്‍ തമിഴ്‌നാടനാണ് ഷങ്കറിനെതിരേ എഗ്‌മോര്‍ കോടതിയില്‍ പരാതി നല്‍കിയിരുന്നത്. തന്റെ കഥയായ ജിഗൂബയാണ് ശങ്കര്‍ യെന്തിരനാക്കിയതെന്നാണ് അറൂര്‍ പരാതിയില്‍ പറയുന്നത്. 1957ലെ പകര്‍പ്പവകാശലംഘനത്തിന്റെ പരിധിയില്‍ വരുന്നതാണിത്.
തന്റെ ആശയത്തില്‍ നിന്ന് എന്തിരന്‍ ടീം വലിയ സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. 1996ലാണ് അറൂറിന്റെ കഥ പുറത്തിറങ്ങിയത്. ഇതൊരു തമിഴ് മാസികയില്‍ പ്രസിദ്ധീകരിച്ചു, 2007 ല്‍ വീണ്ടും ധിക് ധിക് ദീപിക ദീപിക എന്ന നോവലായി പുനപ്രസിദ്ധീകരിച്ചു. 2010ലാണ് യന്തിരന്‍ സിനിമ പുറത്തിറങ്ങിയത്. സൂപ്പര്‍ താരം രജനികാന്തും ഐശ്വര്യ റായിയുമായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍. അറൂര്‍ നേരത്തേ പരാതി നല്‍കിയിരുന്നെങ്കിലും കേസില്‍ പത്തുവര്‍ഷമായിട്ടും ഷങ്കറും അഭിഭാഷകനും കോടതിയില്‍ ഹാജരാവാതിരുന്നതോടെയാണ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കേസ് ഫെബ്രുവരി 19 ലേക്ക് മാറ്റി.