മോദിയുടെ ഹെലികോപ്റ്റര്‍ പരിശോധിച്ച തിരഞ്ഞെടുപ്പ് നിരീക്ഷകന് സസ്‌പെന്‍ഷന്‍
കര്‍ണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിനെയാണ് കമ്മീഷന്‍ സസ്‌പെന്റ് ചെയ്തത്
ഭുവനേശ്വര്‍: ചൊവ്വാഴ്ച ഒഡീഷയിലെ സംബല്‍പുരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹെലികോപ്റ്ററില്‍ പരിശോധന നടത്തിയ തിരഞ്ഞെടുപ്പ് നിരീക്ഷകനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സസ്‌പെന്റ് ചെയ്തു. കര്‍ണാടക കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്‌സിനെയാണ് കമ്മീഷന്‍ സസ്‌പെന്റ് ചെയ്തത്. എസ്പിജി സുരക്ഷയുള്ളവരെ പരിശോധനയില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരമല്ല ഉദ്യോഗസ്ഥന്റെ നടപടിയെന്നും കാണിച്ചാണ് സസ്‌പെന്‍ഷന്‍. ഉദ്യോഗസ്ഥന്റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം കമ്മീഷന്റെ നടപടിയില്‍ അസ്വാഭാവികതയുണ്ടെന്നു ആരോപിച്ചു കോണ്‍ഗ്രസ് രംഗത്തെത്തി. മോദി വരുന്നതിനു ഒരു ദിവസം മുമ്പു സാംബല്‍പുരിലെത്തിയ ബിജെപി എംപിയും കേന്ദ്രമന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്റെ ഹെലികോപ്റ്റര്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചിരുന്നു. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ മന്ത്രി എതിര്‍ക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.