ഉമര്‍ അബ്ദുല്ലയ്ക്കും മെഹ്ബൂബ മുഫ്തിയ്ക്കുമെതിരേ പൊതുസുരക്ഷാനിയമം ചുമത്തി

വിചാരണ കൂടാതെ ആരെയും മൂന്നുമാസംവരെ കസ്റ്റഡിയില്‍വയ്ക്കാന്‍ പോലിസിന് അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ജില്ലാ മജിസ്‌ട്രേറ്റ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചിട്ടുണ്ട്.

Update: 2020-02-06 19:09 GMT

ശ്രീനഗര്‍: കശ്മീരില്‍ വീട്ടുതടങ്കലില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രിമാരായ ഉമര്‍ അബ്ദുല്ല, മെഹ്ബൂബ മഫ്തി എന്നിവര്‍ക്കെതിരേ പൊതുസുരക്ഷാ നിയമം ചുമത്തി. ഇവരെ കരുതല്‍ തടങ്കലില്‍നിന്നും വിട്ടയച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഉമറിനും മെഹ്ബൂബയ്ക്കുമെതിരേ പുതിയ കുറ്റം ചുമത്തിയിരിക്കുന്നത്. വിചാരണ കൂടാതെ ആരെയും മൂന്നുമാസംവരെ കസ്റ്റഡിയില്‍വയ്ക്കാന്‍ പോലിസിന് അനുമതി നല്‍കുന്നതാണ് പൊതുസുരക്ഷാ നിയമം. ജില്ലാ മജിസ്‌ട്രേറ്റ് ഇതുസംബന്ധിച്ച ഉത്തരവില്‍ ഒപ്പുവച്ചിട്ടുണ്ട്. മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍ത്തിജ മുഫ്തി ഇക്കാര്യം ട്വിറ്ററിലൂടെ സ്ഥിരീകരിച്ചു. ഉമര്‍ അബ്ദുല്ലയുടെ പിതാവ് ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരേ കഴിഞ്ഞ സപ്തംബറില്‍തന്നെ ഈ നിയമം ചുമത്തിയിരുന്നു.

സാധാരണ സായുധാക്രമണം നടത്തുന്നവര്‍ക്കെതിരേയും വിഘടനവാദികള്‍ക്കെതിരേയുമാണ് ഈ നിയമം ചുമത്തിയിരുന്നത്. ദീര്‍ഘനാളായി വീട്ടുതടങ്കലില്‍ കഴിയുകയാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മൂന്നുപേരും. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദം റദ്ദാക്കുകയും ചെയ്ത നടപടിക്ക് പിന്നാലെ ഇവരടക്കം നൂറുകണക്കിന് നേതാക്കളെയാണ് അറസ്റ്റുചെയ്യുകയോ തടങ്കലിലാക്കുകയോ ചെയ്തിട്ടുള്ളത്. ബുധനാഴ്ച സജാദ് ലോണ്‍, വാഹീദ് പാര എന്നിവരെ വീട്ടുതടങ്കലില്‍നിന്നും വിട്ടയച്ചിരുന്നു. രണ്ടുപേരെയും എംഎല്‍എ ഹോസ്റ്റലിലാണ് കരുതല്‍ തടങ്കലില്‍ സൂക്ഷിച്ചിരുന്നത്. 

Tags:    

Similar News