ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; ഉന്നത സമിതി റിപ്പോര്‍ട്ട് ഇന്ന് രാഷ്ട്രപതിക്ക് കൈമാറും
രാജ്യത്ത് സംസ്ഥാന നിയമസഭകളിലേക്കും, തദ്ദേശ സ്ഥാപനങ്ങളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യതകളെ കുറിച്ചാണ് സംഘം പഠനം നടത്തിയത്. ഇത് പ്രകാരം രാജ്യത്ത് ഒരേസമയം വോട്ടെടുപ്പ് നടത്താന്‍ ഭരണഘടനയുടെ അഞ്ച് അനുച്ഛേദങ്ങള്‍ ഭേദഗതി ചെയ്യാന്‍ സമിതി ശുപാര്‍ശ ചെയ്യും.
ഒറ്റ തിരഞ്ഞെടുപ്പിന് ഒറ്റ വോട്ടര്‍ പട്ടിക എന്നതും പഠനത്തിലെ മറ്റൊരു പ്രധാന ആവശ്യമാണ്. എട്ട് വാല്യങ്ങളിലായി 18,000 പേജുള്ള റിപ്പോര്‍ട്ടാണ് തയ്യാറാക്കിയിരിക്കുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് വിഷയത്തില്‍ പഠനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സമിതിക്ക് രൂപം നല്‍കിയത്.രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, രാജ്യസഭയിലെ മുന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ്, മുന്‍ ധനകാര്യ കമ്മീഷന്‍ ചെയര്‍മാന്‍ എന്‍.കെ. സിങ്, മുന്‍ ലോക്സഭാ സെക്രട്ടറി ജനറല്‍ സുഭാഷ് കശ്യപ്, മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ എന്നിവരും അംഗങ്ങളാണ്. കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയെയും അംഗമായി പരിഗണിച്ചിരുന്നെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു.