കര്‍ഷക സമരത്തില്‍ പങ്കെടുക്കുക, അല്ലെങ്കില്‍ പിഴയടയ്ക്കുക; പഞ്ചാബിലെ കുടുംബങ്ങളോട് പഞ്ചായത്തുകള്‍
എല്ലാ വീട്ടുകാരും ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന സ്ഥലത്തേയ്ക്ക് പോവണം. വീട്ടില്‍നിന്ന് ആരും സമരത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ അടയ്ക്കണമെന്നും പഞ്ചായത്ത് നിര്‍ദേശിച്ചു.
ഛണ്ഡിഗഢ്: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം നാലുമാസം പൂര്‍ത്തിയായ സാഹചര്യത്തില്‍ നിലപാട് ശക്തമാക്കി പഞ്ചാബിലെ പഞ്ചായത്തുകള്‍. സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങളും പ്രക്ഷോഭരംഗത്തിറങ്ങാന്‍ തയ്യാറാവണമെന്ന് പഞ്ചായത്തുകള്‍ ആഹ്വാനം ചെയ്തു. എല്ലാ വീട്ടുകാരും ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന സ്ഥലത്തേയ്ക്ക് പോവണം. വീട്ടില്‍നിന്ന് ആരും സമരത്തില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ അടയ്ക്കണമെന്നും പഞ്ചായത്ത് നിര്‍ദേശിച്ചു. നേരത്തെ കര്‍ഷക സംഘടനകളുടെ അണികളായിരുന്നു പ്രധാനമായും പ്രതിഷേധത്തില്‍ അണിചേര്‍ന്നിരുന്നത്.
സമരം കൂടുതല്‍ ശക്തിയാര്‍ജിക്കുന്ന ഘട്ടത്തില്‍ പഞ്ചാബിലെ മുഴുവന്‍ പേരുടെയും സാന്നിധ്യം സമരമുഖത്തുണ്ടാവണമെന്നാണ് പഞ്ചായത്തുകളുടെ നിര്‍ദേശം. 2020 ഒക്ടോബര്‍ ഒന്നിനാണ് പഞ്ചാബില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ അനിശ്ചിതകാല പ്രതിഷേധം ആരംഭിച്ചത്, ആദ്യം റെയില്‍വേ ട്രാക്കുകള്‍, ടോള്‍ പ്ലാസകള്‍, ചില കോര്‍പറേറ്റ് സ്ഥാപനങ്ങളുടെ ബിസിനസ് കേന്ദ്രങ്ങള്‍, ചില ബിജെപി നേതാക്കളുടെ വസതികള്‍ എന്നിവിടങ്ങളിലായിരുന്നു പ്രതിഷേധം.
ഡല്‍ഹി അതിര്‍ത്തിയിലെ സ്ഥലങ്ങള്‍ കൂടാതെ പഞ്ചാബിലെ 70 മുതല്‍ 80 വരെ സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുകയാണ്. പഞ്ചാബിലെ മാല്‍വ മേഖലയിലെ കുറഞ്ഞത് അഞ്ച് ഗ്രാമങ്ങളിലെ പഞ്ചായത്തുകള്‍ ഓരോ വീട്ടുകാരും ആഴ്ചയില്‍ ഒരു പുരുഷ അംഗമെങ്കിലും ഡല്‍ഹിയിലെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് അയയ്ക്കണമെന്ന് പ്രമേയം പാസാക്കിയിട്ടുണ്ട്.