തോക്ക് പണി മുടക്കി; അക്രമികളെ തുരത്താന്‍ വെടിയൊച്ചയുണ്ടാക്കിയ പോലിസുകാരന് വെടിയേറ്റ് പരിക്ക്
അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി സഹപ്രവര്‍ത്തകന്‍ തോക്കുയര്‍ത്തി വെടിവെക്കുന്നതായി കാണിക്കുമ്പോള്‍, വായ കൊണ്ടു വെടിശബ്ദമുണ്ടാക്കുന്ന മനോജ്കുമാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ലഖ്‌നോ: അക്രമാസക്തമായ ആള്‍ക്കൂട്ടത്തെ തുരത്തുന്നതിനിടെ സഹപ്രവര്‍ത്തകന്റെ തോക്ക് പണി മുടക്കിയപ്പോള്‍ വെടിയൊച്ചയുണ്ടാക്കി ശ്രദ്ധേയനായ പോലിസുകാരന് വെടിയേറ്റ് പരിക്കേറ്റു. സംഭാല്‍ എസ്‌ഐ മനോജ് കുമാറിനാണ് അലൈനെക്പൂര്‍ ഗ്രാമത്തില്‍ വച്ച് അക്രമിയെ പിടികൂടുന്നതിനിടെ പരിക്കേറ്റത്. അക്രമാസക്തമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനായി സഹപ്രവര്‍ത്തകന്‍ തോക്കുയര്‍ത്തി വെടിവെക്കുന്നതായി കാണിക്കുമ്പോള്‍, വായ കൊണ്ടു വെടിശബ്ദമുണ്ടാക്കുന്ന മനോജ്കുമാറിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു സംഭവം. തോക്ക് ഉപയോഗ ശ്യൂന്യമായത് അക്രമികള്‍ അറിയാതിരിക്കാനാണ് വെടിശബ്ദം വായ കൊണ്ടുണ്ടാക്കിയതെന്നായിരുന്നു വീഡിയോ പുറത്തായപ്പോള്‍ മനോജ്കുമാറിന്റെ വിശദീകരണം.
വെള്ളിയാഴ്ച രാവിലെയാണ് എസ്‌ഐയുടെ കയ്യില്‍ വെടിയേറ്റത്. നിരവധി കേസുകളിലെ പ്രതികളെന്ന് പോലിസ് ആരോപിക്കുന്ന സദ്ദാം, അക്രം എന്നീ രണ്ടു പേരെ പിന്തുടരവെയാണ് മനോജ്കുമാറിന് വെടിയേറ്റതെന്ന് പോലിസ് പറഞ്ഞു. ഇരുവരോടും കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പോലിസിനു നേരെ വെടിവെക്കുകയായിരുന്നുവെന്നു പോലിസ് പറഞ്ഞു.