യൂണിറ്റി മാര്‍ച്ചിന് അനുമതി: മദ്രാസ് ഹൈക്കോടതി വിധി സ്വാഗതാര്‍ഹം പോപുലര്‍ഫ്രണ്ട്

Update: 2019-05-19 09:16 GMT

ന്യൂഡല്‍ഹി: യൂണിറ്റി മാര്‍ച്ചിന് അനുമതി നല്‍കിക്കൊണ്ടുള്ള മദ്രാസ് ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന. കഴിഞ്ഞ ഫെബ്രവരി 17ന് പോപുലര്‍ഫ്രണ്ട് യൂണിറ്റി മാര്‍ച്ചിനുള്ള അനുമതി നിഷേധിച്ചുകൊണ്ടുള്ള തമിഴ്‌നാട് പോലിസ് ഉത്തരവാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് റദ്ദാക്കിയത്.

വര്‍ഷങ്ങളായി ഫെബ്രുവരി 17ന് പോപുലര്‍ഫ്രണ്ട് സ്ഥാപക ദിനമായി ആചരിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി നടത്തുന്ന യൂണിറ്റി മാര്‍ച്ചും വളണ്ടിയര്‍ പരേഡും മൂന്ന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ആഘോഷങ്ങളുടെ പ്രത്യേകതയാണ്. വെറുപ്പിന്റെ രാഷ്ട്രീയത്തെ പരാജയപ്പെടുത്തുകയെന്ന പ്രമേയവുമായാണ് 2019ലെ യൂണിറ്റി മാര്‍ച്ച് നടത്തിയത്.

കേരള, കര്‍ണാടക സര്‍ക്കാരുകള്‍ പരിപാടിക്ക് അനുമതി നല്‍കിയപ്പോള്‍ തമിഴ്‌നാട് പോലിസ് അവസാന നിമിഷം അനുമതി നിഷേധിക്കുകയായിരുന്നു. ഉത്തരവിനെ ചോദ്യംചെയ്തുകൊണ്ടും റൂട്ട് മാര്‍ച്ചും പൊതുപരിപാടിയും സംഘടിപ്പിക്കുന്നതിന് അനുമതിതേടിയും പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജെ മുഹമ്മദലി ജിന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിനു മുമ്പാകെ റിട്ട് ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് പരിപാടിക്ക് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്.

മുതിര്‍ന്ന അഭിഭാഷകന്‍ ടി ലജപതി, അഭിഭാഷകരായ എന്‍ എം ഷാജഹാന്‍, എസ് എ എസ് അലാവുദ്ദീന്‍, എം എം അബ്ബാസ് എന്നിവര്‍ പരാതിക്കാരനു വേണ്ടി ഹാജരായി. എതിര്‍ഭാഗത്തിനു വേണ്ടി ഹാജരായ സര്‍ക്കാര്‍ വക്കീലിന്റെ വാദങ്ങളില്‍ ന്യായമുള്ളതായി കണ്ടെത്താനായില്ലെന്ന് ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. 'നമ്മൂടേതുപോലുള്ള സ്വതന്ത്ര രാഷ്ട്രത്തില്‍ അഭിപ്രായ സ്വാതന്ത്ര്യം ന്യായമായ നിയമങ്ങളിലൂടെ സംരക്ഷിക്കപ്പെടേണ്ടത് സുപ്രധാനമാണ്. അനിവാര്യമായും എതിര്‍ഭാഗം അതിന് അനുമതി നല്‍ക്കേണ്ടതുണ്ട്. അതിനാല്‍ അനുമതി നിഷേധിച്ചുകൊണ്ടുള്ള ഉത്തരവ് അസാധുവാക്കിയിരിക്കുന്നു' ഉത്തരവില്‍ കോടതി വ്യക്തമാക്കി.

പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംഘടിക്കുവാനുള്ള അവകാശവും അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ബഹുമാനപ്പെട്ട മദ്രാസ് ഹൈക്കോടതി ഉയര്‍ത്തിപ്പിടിച്ചിരിക്കകയാണെന്ന് വിധിയെ സ്വാഗതം ചെയ്യവേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ജനറല്‍ സെക്രട്ടറി എം മുഹമ്മദാലി ജിന്ന പറഞ്ഞു. രാഷ്ട്രീയ യജമാനന്‍മാരുടെ സമ്മര്‍ദ്ദത്തിനു വഴങ്ങി ന്യൂനപക്ഷ സംഘടനകളുടെ പൊതുപരിപാടികള്‍ തടയാന്‍ ശ്രമിക്കുന്ന സംസ്ഥാന പോലിസിനേറ്റ കനത്ത തിരിച്ചടിയാണ് കോടതി ഉത്തരവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News