കശ്മീരില്‍ സായുധാക്രമണം; പ്രമുഖ രസതന്ത്രജ്ഞന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: കശ്മീരില്‍ ഒരുമണിക്കൂറിനിടെ വ്യത്യസ്ത സംഭവങ്ങളിലായി സായുധര്‍ മൂന്നുപേരെ വെടിവച്ചുകൊന്നു. കൊല്ലപ്പെട്ടവരില്‍ പ്രമുഖ രസതന്ത്രജ്ഞനും ഉള്‍പ്പെടുന്നു. തെരുവ് ഭക്ഷണ വിതരണക്കാരന്‍, ഒരു ക്യാബ് ഡ്രൈവര്‍ എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേര്‍. ശ്രീനഗറിലെ ഇക്ബാല്‍ പാര്‍ക്കിലെ ബിന്ദ്രൂ മെഡിറ്റേറ്റ് ഫാര്‍മസി ഉടമയും പ്രമുഖ ബിസിനസ്സുകാരനുമായ മഖാന്‍ ലാല്‍ ബിന്ദ്രുവി (70) നെ രാത്രി ഏഴുമണിയോടെയാണ് അദ്ദേഹത്തിന്റെ ഫാര്‍മസിക്കുള്ളില്‍ വെടിവച്ചുകൊന്നതെന്ന് പോലിസ് പറഞ്ഞു. ഇദ്ദേഹത്തെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോലിസും സുരക്ഷാ സേനയും സ്ഥലത്തെത്തിയപ്പോഴേക്കും സായുധര്‍ രക്ഷപ്പെട്ടു.
അദ്ദേഹത്തിന്റെ ഫാര്‍മസിക്ക് ചുറ്റുമുള്ള പ്രദേശം സീല്‍ ചെയ്തിട്ടുണ്ടെന്നും തിരച്ചില്‍ നടത്തുകയാണെന്നും പോലിസ് പറഞ്ഞു. കശ്മീരി പണ്ഡിറ്റായ അദ്ദേഹം 1990 കളില്‍ സായുധാക്രമണം രൂക്ഷമായ ഘട്ടത്തില്‍ പോലും കശ്മീരില്‍ ഫാര്‍മസി നടത്തിവരുന്നയാളാണെന്ന് പോലിസ് പറയുന്നു. ജമ്മു കശ്മീരിന്റെ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല ആക്രമണത്തെ അപലപിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് ഹൃദയംഗമമായ അനുശോചനം അറിയിക്കുകയും ചെയ്തു. 'എന്തൊരു ഭയാനകമായ വാര്‍ത്തയാണ്! വളരെ ദയയുള്ള ആളായിരുന്നു. സായുധാക്രമണം രൂക്ഷമായപ്പോഴും അദ്ദേഹം ഒരിക്കലും വിട്ടുപോയില്ല. കൊലപാതകത്തെ ഞാന്‍ ഏറ്റവും ശക്തമായി അപലപിക്കുകയാണ്.
ദൈവം അദ്ദേഹത്തിന്റെ ആത്മാവിനെ അനുഗ്രഹിക്കട്ടെ- അദ്ദേഹം ട്വീറ്റ് ചെയ്തു. സംഭവത്തിന് തൊട്ടുപിന്നാലെ ശ്രീനഗര്‍ ഡൗണ്‍ ടൗണിലെ ലാല്‍ ബസാറില്‍ നടത്തിയ ആക്രമണത്തില്‍ വീരേന്ദര്‍ പാസ്വാന്‍ എന്ന തെരുവ് ഭക്ഷണവ്യാപാരിയെ കൊല്ലപ്പെട്ടതായി പോലിസ് പറഞ്ഞു. ബിഹാറിലെ ഭഗല്‍പൂര്‍ സ്വദേശിയായ ഇയാള്‍ ശ്രീനഗറിലെ സാദിബാല്‍ പ്രദേശത്താണ് താമസിക്കുന്നതെന്ന് പോലിസ് പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ ശ്രീനഗറില്‍ നടക്കുന്ന നാലാമത്തെ സിവിലിയന്‍ കൊലപാതകമാണിത്.
ബന്ദിപോറയിലാണ് മൂന്നാമത്തെ ആക്രമണമുണ്ടായത്. പ്രദേശത്തെ ഒരു ടാക്‌സി സ്റ്റാന്‍ഡിന്റെ പ്രസിഡന്റും ഡ്രൈവറുമായ മുഹമ്മദ് ഷാഫി ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂന്ന് ആക്രമണം നടന്ന പ്രദേശങ്ങളും പോലിസ് വളഞ്ഞിട്ടുണ്ടെന്നും സായുധരെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണെന്നും പോലിസ് പറഞ്ഞു. സുരക്ഷാസേനയുമായി ബന്ധമുണ്ടെന്നാരോപിച്ച് ശനിയാഴ്ച മജീദ് അഹമ്മദ് ഗോജ്‌രി, മുഹമ്മദ് ഷാഫി ദാര്‍ എന്നിങ്ങനെ രണ്ടുപേരെ സായുധര്‍ വധിച്ചിരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്തം റെസിസ്റ്റന്‍സ് ഫ്രണ്ട് ആണ് ഏറ്റെടുത്തത്.