കശ്മീരില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടു

Update: 2021-06-21 04:27 GMT

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ ഇ ത്വയ്യിബ കമാന്‍ഡര്‍ ഉള്‍പ്പെടെ മൂന്ന് സായുധര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്ട്. ലഷ്‌കര്‍ ഇ ത്വയ്യിബയുടെ ഉന്നത കമാന്‍ഡര്‍ മുദസ്സിര്‍ പണ്ഡിറ്റാണ് കൊല്ലപ്പെട്ടതെന്ന് പോലിസ് സ്ഥിരീകരിച്ചു. വടക്കന്‍ കശ്മീര്‍ ബാരാമുള്ള ജില്ലയിലെ സോപൂര്‍ ഗുണ്ട് ബ്രത്ത് പ്രദേശത്താണ് സായുധരും സുരക്ഷാസൈനയുമായി ഞായറാഴ്ച അര്‍ധരാത്രിയില്‍ ഏറ്റുമുട്ടല്‍ നടന്നതെന്ന് കശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വിജയ് കുമാര്‍ പറഞ്ഞു.

പ്രദേശത്തെ കൗണ്‍സിലര്‍മാരുടെയും പ്രദേശവാസികളുടെയും മരണത്തില്‍ കൊല്ലപ്പെട്ട കമാന്‍ഡര്‍ക്ക് പങ്കുണ്ടെന്ന് പോലിസ് പറഞ്ഞു. കമാന്‍ഡറിന്റെ കൊലപാതകം പ്രദേശവാസികള്‍ക്ക് വലിയ ആശ്വാസമാണെന്നും പോലിസ് വ്യക്തമാക്കി. പ്രദേശത്ത് പണ്ഡിറ്റ് ഉള്‍പ്പെടെ മൂന്ന് സായുധര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് സുരക്ഷാ സേന ഞായറാഴ്ച രാത്രി പ്രദേശത്ത് തിരച്ചില്‍ നടത്തിയത്. മൂന്ന് പോലിസുകാര്‍, രണ്ട് കൗണ്‍സിലര്‍മാര്‍, രണ്ട് സിവിലിയന്‍മാര്‍ എന്നിവരെ കൊലപ്പെടുത്തിയതുള്‍പ്പെടെ മറ്റ് നിരവധി സായുധാക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പോലിസ് മേധാവി ട്വീറ്റ് ചെയ്തു.

Tags:    

Similar News