കാവിത്തലപ്പാവു ധരിച്ച ഭാരതിയാര്‍; തമിഴ്‌നാട്ടില്‍ പ്രതിഷേധം വ്യാപിക്കുന്നു
ചെന്നൈ: സ്‌കൂള്‍ പാഠപുസ്തകത്തിന്റെ പുറം ചട്ടയില്‍ കാവിത്തലപ്പാവു ധരിച്ച ഭാരതിയാറിന്റെ ചിത്രം വന്നതിനെ തുടര്‍ന്നു പ്രതിഷേധം വ്യാപിക്കുന്നു. പന്ത്രണ്ടാം ക്ലാസ് പാഠപുസ്തകത്തിന്റെ പുറം ചട്ടയിലാണ് കവി സുബ്രമഹ്മണ്യ ഭാരതിയെന്ന ഭാരതിയാറിന്റെ കാവിത്തലപ്പാവു ധരിച്ച ചിത്രം വന്നത്. ഇതിനെതിരേ ഡിഎംകെ അടക്കമുള്ള രാഷ്ട്രീയ കക്ഷികളാണ് രംഗത്തെത്തിയത്.
വിദ്യാഭ്യാസ വകുപ്പിനെ കാവിവല്‍കരിക്കാനുള്ള നീക്കമാണ് അധികൃതര്‍ നടത്തുന്നതെന്നു ഡിഎംകെ എംഎല്‍എയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തെന്നാരസു പറഞ്ഞു. വെള്ളത്തലപ്പാവു ധരിച്ചാണു ഭാരതിയാറിന്റെ ചിത്രങ്ങള്‍ ഇതുവരെ കണ്ടിട്ടുള്ളത്. കാവിത്തലപ്പാവു ധരിച്ച ഭാരതിയാറിന്റെ ചിത്രങ്ങള്‍ പുസ്തകങ്ങളില്‍ വന്നതിനു പിന്നില്‍ ദുരുദ്ദേശമുണ്ട്. വിദ്യാര്‍ഥികളുടെ അബോധ മനസ്സിലേക്കു ഭാരതിയാറിനെ കുറിച്ചു തെറ്റായ ചിത്രം നല്‍കുകയാണു ഇതുകൊണ്ടുദ്ദേശിക്കുന്നതെന്നും തെന്നരാസു പറഞ്ഞു.
തന്റെ ഇത്രകാലത്തെ അധ്യാപക ജീവിതത്തില്‍ ഇതുവരെ കാവിത്തലപ്പാവു ധരിച്ച ഭാരതിയാറിനെ കണ്ടിട്ടില്ലെന്നും ഇതു അല്‍ഭുതമുണ്ടാക്കുന്നതാണെന്നും മുതിര്‍ന്ന അധ്യാപിക വ്യക്തമാക്കി.
അതേസമയം ദേശീയ പതാകയിലെ നിറങ്ങള്‍ ഭാരതിയാറിന്റെ ചിത്രത്തിനു നല്‍കാനാണു ശ്രമിച്ചതെന്നും എന്നാല്‍ തലപ്പാവു കാവി നിറത്തിലായിപ്പോവുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. ഇതു മനപ്പൂര്‍വം ചെയ്തതല്ലെന്നും ഇതിനു പിന്നില്‍ ദുരുദ്ദേശങ്ങളില്ലെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.