ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം: ആന്റണിയും പവാറുമായും കൂടിക്കാഴ്ച നടത്തി രാജ്‌നാഥ് സിങ്

Update: 2021-07-16 18:06 GMT

ന്യൂഡല്‍ഹി: ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട സ്ഥിതിഗതികള്‍ വിശദീകരിക്കാന്‍ മുന്‍ പ്രതിരോധ മന്ത്രിമാരായ എ കെ ആന്റണി, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ എന്നിവര്‍ അടക്കമുള്ളവരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ആര്‍മി ചീഫ് ജനറല്‍ മുകുന്ദ് നരവനെ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തുവെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. ആന്റണിക്കും ശരദ് പവാറിനും മുന്നില്‍ നിലവിലെ സാഹചര്യങ്ങള്‍ രാജ്‌നാഥ് സിങ് യോഗത്തില്‍ വിശദീകരിച്ചു.

അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട ചൈനയുടെ നിലപാടില്‍ ഇവര്‍ക്ക് സംശയങ്ങളുണ്ടായിരുന്നു. അക്കാര്യങ്ങള്‍ സൈനിക മേധാവി ബിപിന്‍ റാവത്തും മുകുന്ദ് നരവണയും വിശദീകരിച്ചെന്ന് വാര്‍ത്താ ഏജന്‍സിയുടെ റിപോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ഭൂപ്രദേശം ചൈനയ്ക്ക് വിട്ടുകൊടുത്തുവെന്നാരോപിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരത്തെ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനമുന്നയിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ഇന്ത്യ- ചൈനീസ് സൈനികര്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു.

ജൂലൈ 19ന് ആരംഭിക്കാനിരിക്കുന്ന പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായാണ് കൂടിക്കാഴ്ച നടന്നത്. പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയില്‍ നടന്ന പാര്‍ലമെന്റ് യോഗത്തില്‍ കോണ്‍ഗ്രസ് തീരുമാനിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് തടയിടുകയെന്ന ഉദ്ദേശമാണ് മുതിര്‍ന്ന പ്രതിപക്ഷ നേതാക്കളുമായുള്ള രാജ്‌നാഥ് സിങ്ങിന്റെ ആശയവിനിമയം വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News