ആദിത്യനാഥിനു താക്കീതു മാത്രം; തിരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് സുര്‍ജേവാല

Update: 2019-04-06 07:19 GMT

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തെ മോദിയുടെ സേനയെന്നു വിശേഷിപ്പിച്ച യുപി മുഖ്യമന്ത്രി ആദിത്യനാഥിനു താക്കീതു മാത്രം നല്‍കിയ തിരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല. സേനയെ അപമാനിച്ച ആദിത്യനാഥിനു പ്രേമലേഖനമയക്കുകയാണ് കമ്മീഷനെന്നായിരുന്നു കോണ്‍ഗ്രസ് വക്താവിന്റെ പരിഹാസം. മോദിയുടെ പെരുമാറ്റച്ചട്ടമാണ് കമ്മീഷന്‍ നടപ്പിലാക്കുന്നത്. സേനയെ അപമാനിച്ച ആദിത്യനാഥിനെതിരേ നടപടി എടുക്കുന്നതിനു പകരം പ്രേമലേഖനമയക്കുകയാണ് കമ്മീഷന്‍. കമ്മീഷന്‍ ആരെയാണ് ഭയക്കുന്നത്. പെരുമാറ്റച്ചട്ടം ലംഘിച്ച്, കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ന്യായ് പദ്ധതിയെ വിമര്‍ശിച്ച നീതി ആയോഗ് വൈസ് ചെയര്‍മാനെതിരേയും നടപടി എടുത്തില്ല. താക്കീതു നല്‍കുക മാത്രമാണ് കമ്മീഷന്‍ ചെയ്തതെന്നും കോണ്‍ഗ്രസ് നേതാവ് ട്വിറ്റിറല്‍ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദങ്ങള്‍ക്കനുസരിച്ചാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നു നേരത്തെയും വിമര്‍ശനമുയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്, മോദിയുടെ കഥ പറയുന്ന സിനിമ പുറത്തിറക്കുന്നതിനെതിരേ നടപടി എടുക്കാനോ, നമോ ടിവിയെ കുറിച്ചന്വേഷിക്കാനോ കമ്മീഷന്‍ തയ്യാറാവാത്തതടക്കമുള്ള വിഷയങ്ങളും കമ്മീഷനെതിരേ വിമര്‍ശനമുയരാന്‍ കാരണമായിരുന്നു. കോണ്‍ഗ്രസ് പുറത്തിറക്കാനിരുന്ന ആറു പ്രചാരണ വീഡിയോകള്‍ക്ക്, വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചു കമ്മീഷന്‍ അനുമതി നിഷേധിച്ചിരുന്നു. റാഫേല്‍ വിഷയമടക്കം പ്രതിപാദിക്കുന്നതായിരുന്നു അനുമതി നിഷേധിച്ച വീഡിയോകള്‍. 

Tags:    

Similar News