കപ്പല്‍ പുന:ചംക്രമണ ബില്ല് അധാര്‍മ്മികവും അനാവശ്യവുമാണെന്ന് ഹൈബി ഈഡന്‍ എം പി

ഹോങ്കോങ് കണ്‍വെന്‍ഷന്റെ മറ പിടിച്ച് തിരക്കിട്ട് ഒരു ബില്‍ അതിവേഗത്തില്‍ അവതരിപ്പിച്ച് എത്രയും വേഗം പാസാക്കി എടുക്കുന്നത് ദുരൂഹമാണ്.

Update: 2019-12-03 15:44 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച കപ്പല്‍ പുന:ചംക്രമണ ബില്ല് 2019 അധാര്‍മ്മികവും അനവസരത്തിലുള്ളതും അനാവശ്യവുമാണെന്ന് ഹൈബി ഈഡന്‍ എംപി. ഗ്രീന്‍പീസ് ഉള്‍പ്പെടെയുള്ള പരിസ്ഥിതി സംഘടനകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുള്ള ഈ നിയമ നിര്‍മ്മാണം തീരദേശ പരിസ്ഥിതിയെ തകിടം മറിക്കുന്നതും മത്സ്യത്തൊഴിലാളികളുടെ ദൈനംദിന ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നതുമാണെന്ന് അദ്ദേഹം പറഞ്ഞു.

കപ്പല്‍ ഉടമകളുടെ ആവശ്യപ്രകാരം അനര്‍ഹമായ നേട്ടത്തിന് പ്രാപ്തരാക്കുന്ന ഒരു നിയമം ആയിരിക്കും ഇത്. സാധാരണക്കാരായ മത്സ്യത്തൊഴിലാളികളെയും തീരദേശ പരിസ്ഥിതിയേയും ആവാസവ്യവസ്ഥയെയും ശുദ്ധജലത്തെയും തൊഴില്‍ ശക്തിയേയും നശിപ്പിക്കാന്‍ മാത്രമുതകുന്ന ഇത്തരം നിയമനിര്‍മാണത്തിന് വേണ്ടി വന്‍ ലോബിയിംഗ് നടക്കുന്നുണ്ടെന്നും ഹൈബി ആരോപിച്ചു.

വികസിത രാജ്യങ്ങള്‍ നടപ്പാക്കാന്‍ മടിക്കുന്ന ഇത്തരമൊരു നിയമം മൂന്നാം ലോക രാജ്യങ്ങളും വികസ്വര രാജ്യങ്ങളും നിര്‍മ്മിക്കാന്‍ ഇറങ്ങുന്നത് ദൗര്‍ഭാഗ്യകരമാണ്. പുതിയ തൊഴിലവസരങ്ങള്‍ പ്രധാനമാണെങ്കിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നപേരില്‍ നാടിന്റെ മുഴുവന്‍ നന്മയും നശിപ്പിക്കപ്പെടാന്‍ ആയിരിക്കും ഈ ബില്ല് സഹായകമാവുക.

ഹോങ്കോങ് കണ്‍വെന്‍ഷന്റെ മറ പിടിച്ച് തിരക്കിട്ട് ഒരു ബില്‍ അതിവേഗത്തില്‍ അവതരിപ്പിച്ച് എത്രയും വേഗം പാസാക്കി എടുക്കുന്നത് ദുരൂഹമാണ്. വെളിപ്പെടുത്താത്ത ലക്ഷ്യങ്ങള്‍ ഈ നിയമനിര്‍മ്മാണത്തിന് പിന്നിലുണ്ടെന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങി ഹോങ്കോങ് കണ്‍വെന്‍ഷന്റെ ഭാഗമല്ലാത്ത രാജ്യങ്ങള്‍ക്കായിരിക്കും ഇന്ത്യയുടെ ഈ നിയമ നിര്‍മ്മാണം പ്രയോജനപ്പെടുക. ഇക്കാരണങ്ങളാല്‍ ഈ ബില്ല് പിന്‍വലിക്കുകയാണ് വേണ്ടതെന്നും എം പി പറഞ്ഞു.




Tags:    

Similar News