റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍ രാജിവച്ചു
ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാജിസമര്‍പ്പണം.
ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ എന്‍ എസ് വിശ്വനാഥന്‍ രാജിവച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് രാജിയെന്ന് അദ്ദേഹം അറിയിച്ചു. വിരമിക്കാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് രാജിസമര്‍പ്പണം. കഴിഞ്ഞ 15 മാസത്തിനിടെ ആര്‍ബിഐയില്‍നിന്നും രാജിവയ്ക്കുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥനാണ് വിശ്വനാഥന്‍. ഡെപ്യുട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ ഒമ്പതുമാസം മുമ്പ് രാജിവച്ചിരുന്നു. അതിനു മുമ്പ് 2018 ഡിസംബര്‍ 10ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലും രാജിവയ്ക്കുകയുണ്ടായി.
29 വര്‍ഷത്തെ സേവനത്തിനൊടുവില്‍ മാര്‍ച്ച് 31ന് പടിയിറങ്ങേണ്ട വിശ്വനാഥനാണ് ഇപ്പോള്‍ രാജിസമര്‍പ്പിച്ചിരിക്കുന്നത്. ജോലിസ്ഥലത്തെ സമ്മര്‍ദത്തെത്തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളാല്‍ ഡോക്ടര്‍മാര്‍ വിശ്വനാഥനോട് വിശ്രമം ആവശ്യപ്പെട്ടിരുന്നുവെന്നാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. 2016ലാണ് വിശ്വനാഥന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തെത്തുന്നത്. അതിന് മുമ്പ് ആര്‍ബിഐ ബാങ്കിങ് ഇതരസേവനങ്ങളുടെ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജരായിരുന്നു.