ലഹരിമരുന്ന് കേസ്; നടി റിയാ ചക്രവര്‍ത്തിക്ക് ജാമ്യം
റിയയ്ക്കൊപ്പം സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡെ, ദീപേഷ് സാവന്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം, അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ അനുജന്‍ ഷോവിക് ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി.
മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ്ങിന്റെ മരണത്തെത്തുടര്‍ന്ന് ഉയര്‍ന്നുവന്ന ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ നടി റിയാ ചക്രവര്‍ത്തിക്ക് ജാമ്യം. അറസ്റ്റിലായി 28 ദിവസങ്ങള്‍ക്കുശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. റിയയ്ക്കൊപ്പം സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിറാന്‍ഡെ, ദീപേഷ് സാവന്ത് എന്നിവര്‍ക്കും ജാമ്യം ലഭിച്ചു. അതേസമയം, അറസ്റ്റിലായ റിയ ചക്രവര്‍ത്തിയുടെ അനുജന്‍ ഷോവിക് ചക്രവര്‍ത്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
അടുത്ത 10 ദിവസം റിയ പോലിസ് സ്റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിട്ടുപോവരുത്. മുംബൈ വിട്ട് പോവാന്‍ പോലിസ് അനുമതി വാങ്ങണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകള്‍. സപ്തംബര്‍ നാലിന് അറസ്റ്റിലായ ഷോവിക് നവിമുംബൈ തലോജ ജയിലിലും എട്ടിന് അറസ്റ്റിലായ റിയ ബൈക്കുള ജയിലിലുമാണ് കഴിഞ്ഞിരുന്നത്. ലഹരിക്കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ സെഷന്‍സ് കോടതിയില്‍ ഹാജരാക്കിയ റിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഈമാസം 20 വരെ നീട്ടിയിരുന്നു.
കോടതി ഉത്തരവില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. ആത്യന്തികമായി സത്യവും നീതിയും വിജയിക്കുകയും വസ്തുതകള്‍ ജഡ്ജിയായ ജസ്റ്റിസ് സാരംഗ് വി കോട്വാള്‍ അംഗീകരിക്കുകയും ചെയ്തു- റിയ ചക്രബര്‍ത്തിയുടെ അഭിഭാഷകന്‍ സതീഷ് മനേഷിന്ദെ പറഞ്ഞു. അതിനിടെ, വ്യാജരേഖ ചമയ്ക്കല്‍, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തില്‍ മരുന്നിനുള്ള കുറിപ്പടി തയ്യാറാക്കല്‍ എന്നീ കുറ്റങ്ങളാരോപിച്ച് തങ്ങള്‍ക്കെതിരേ റിയ നല്‍കിയ പരാതി റദ്ദാക്കണമെന്ന് അഭ്യര്‍ഥിച്ച് സുശാന്ത് സിങ്ങിന്റെ സഹോദരിമാര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
അപേക്ഷ കോടതി 13ന് പരിഗണിക്കും. സുശാന്ത് മുംബൈയിലായിരിക്കെ, ഡല്‍ഹിയിലുള്ള സഹോദരി പ്രിയങ്ക റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തന്റെ സുഹൃത്തായ ഡോക്ടര്‍ മുഖേന മരുന്നിന്റെ കുറിപ്പുനല്‍കിയതിനെതിരെയാണ് റിയ ബാന്ദ്ര പോലിസില്‍ പരാതി നല്‍കിയിരുന്നത്. രോഗിയെ കാണാതെ മനോരോഗചികില്‍സയ്ക്കു കുറിപ്പുനല്‍കിയെന്നും വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നുമാണ് ആരോപണം.