അയോധ്യയിലെ മസ്ജിദ് സമുച്ഛയ നിര്‍മാണം: ആദ്യസംഭാവന നല്‍കി ലഖ്നോ സര്‍വകലാശാല പ്രഫസര്‍ രോഹിത് ശ്രീവാസ്തവ

താല്‍പര്യമുള്ള എല്ലാവരില്‍നിന്നും രാജ്യത്തുടനീളം സംഭാവന സ്വീകരിക്കുന്നതിന് ട്രസ്റ്റ് വിവിധ ബാങ്കുകളിലായി രണ്ട് അക്കൗണ്ടുകള്‍ തുറന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍തന്നെ ഐഐസിഎഫിന്റെ വെബ്‌പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടനുണ്ടാവുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു.

Update: 2020-10-05 05:19 GMT

ലഖ്‌നോ: അയോധ്യയില്‍ ബാബരി മസ്ജിദിന് പകരമായി ലഭിച്ച സ്ഥലത്ത് പള്ളി സമുച്ഛയ നിര്‍മാണത്തിനുള്ള ആദ്യസംഭാവന നല്‍കി ലഖ്‌നോ സര്‍വകലാശാലയിലെ നിയമ ഫാക്കല്‍റ്റി രോഹിത് ശ്രീവാസ്തവ. ഇന്തോ ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐഐസിഎഫ്) സെക്രട്ടറി അത്തര്‍ ഹുസൈനാണ് ഞായറാഴ്ച സംഭാവന കൈമാറിയത്. ഈ സംഭാവന ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും അയോധ്യയില്‍ അനുവദിച്ച അഞ്ചേക്കര്‍ സ്ഥലത്ത് പള്ളി സമുച്ഛയം പണിയുകയെന്ന ലക്ഷ്യം കൈവരിക്കാനുള്ള ഞങ്ങളുടെ ആവേശം വര്‍ധിപ്പിച്ചതായും ഹുസൈന്‍ പറഞ്ഞു.

ട്രസ്റ്റിന് പുറത്തുനിന്ന് ആദ്യസംഭാവന സ്വീകരിക്കുന്ന ഞായറാഴ്ച ഞങ്ങള്‍ക്ക് സന്തോഷകരമായ ദിവസമായിരുന്നു. പ്രത്യേകിച്ച് രോഹിത് ശ്രീവാസ്തവയില്‍നിന്ന്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തി ഹിന്ദു- മുസ്‌ലിം ഐക്യത്തിന്റെ അതായത് ഗംഗ- യമുന തഹ്‌സീബിന്റെ ഉത്തമ ഉദാഹരണമാണ്. ധാനിപൂര്‍ മസ്ജിദ് പദ്ധതിയും ഇതേ ചിന്താഗതിയില്‍ തുടരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. ആശുപത്രി നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍, മറ്റ് സൗകര്യങ്ങള്‍ എന്നിവ പൂര്‍ണവേഗതയില്‍ നടക്കുകയാണ്.

രാജ്യത്തെ ഇന്തോ-ഇസ്‌ലാമിക സംസ്‌കാരത്തിന്റെ നീണ്ടചരിത്രം നിലനിര്‍ത്തുന്നതിനും ഇരുസമുദായങ്ങള്‍ തമ്മില്‍ സമാധാനപരമായ സഹകരണം ഉറപ്പാക്കുന്നതിനുമായി ട്രസ്റ്റ് പ്രവര്‍ത്തിക്കും. സമുച്ചയത്തിന്റെ വാസ്തുവിദ്യാ രൂപകല്‍പ്പന ഏതാണ്ട് തയ്യാറായി. ഇതിന് അന്തിമരൂപം നല്‍കാന്‍ ട്രസ്റ്റ് അംഗങ്ങള്‍ ഉടന്‍ യോഗം ചേരും. രൂപരേഖയുടെ അംഗീകാരത്തിനായി പ്രാദേശികഭരണകൂടത്തെ സമീപിക്കുകയാണ്. വേഗത്തില്‍ അനുമതി ലഭിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. രണ്ടുമാസത്തിനുള്ളില്‍ പള്ളിയുടെ നിര്‍മാണം ആരംഭിക്കുമെന്നും ഹുസൈന്‍ പറഞ്ഞു.

അതേസമയം, താല്‍പര്യമുള്ള എല്ലാവരില്‍നിന്നും രാജ്യത്തുടനീളം സംഭാവന സ്വീകരിക്കുന്നതിന് ട്രസ്റ്റ് വിവിധ ബാങ്കുകളിലായി രണ്ട് അക്കൗണ്ടുകള്‍ തുറന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍തന്നെ ഐഐസിഎഫിന്റെ വെബ്‌പോര്‍ട്ടലില്‍ പ്രദര്‍ശിപ്പിക്കും. ഇതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഉടനുണ്ടാവുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രിംകോടതി വിധിപ്രകാരം അയോധ്യയില്‍ ലഭിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് തയ്യാറായത്. പള്ളിയുടെ നിര്‍മാണത്തിനും മറ്റ് സൗകര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനുമായാണ് ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് ഐഐസിഎഫ് രൂപീകരിച്ചത്.

Tags:    

Similar News