പഞ്ചാബ് പോലിസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് സ്‌ഫോടനം

Update: 2022-05-10 00:56 GMT

മൊഹാലി: പഞ്ചാബ് പോലിസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് സ്‌ഫോടനം. മൊഹാലിയിലെ ഓഫിസിന്റെ മൂന്നാം നിലയിലാണ് സ്‌ഫോടനമുണ്ടായത്. റോക്കറ്റ് ലോഞ്ചര്‍ ഉപയോഗിച്ചുള്ള ഗ്രേനേഡ് പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം നടന്നത്. മൂന്നാം നിലയിലെ ജനല്‍ ചില്ലുകള്‍ സ്‌ഫോടനത്തില്‍ തകര്‍ന്നു. പ്രദേശത്ത് വന്‍സുരക്ഷ ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ആക്രമണമാണോ എന്നതില്‍ വ്യക്തതയില്ല. കെട്ടിടത്തിന്റെ ഉള്ളിലേക്ക് അജ്ഞാതര്‍ സ്‌ഫോടകവസ്തു എറിഞ്ഞതായും റിപോര്‍ട്ടുകളുണ്ട്.

വലിയ ശേഷിയുള്ള സ്‌ഫോടനമല്ല നടന്നതെന്ന് പോലിസ് അറിയിച്ചു. എസ്എഎസ് നഗറിലെ സെക്ടര്‍ 77ലെ പഞ്ചാബ് പോലിസ് ഇന്റലിജന്‍സ് ആസ്ഥാനത്ത് രാത്രി 7.45 ഓടെ ഒരു ചെറിയ സ്‌ഫോടനം റിപോര്‍ട്ട് ചെയ്തു. നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. ഫോറന്‍സിക് സംഘത്തെ വിളിച്ചിട്ടുണ്ട്- മൊഹാലി പോലിസ് പ്രസ്താവനയില്‍ പറഞ്ഞു. പോലിസ് പ്രദേശം വളയുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നിന്നുള്ള സംഘം സ്ഥലത്തുണ്ട്. ഇന്റലിജന്‍സ് ഓഫിസ് കെട്ടിടത്തിന് സമീപം ചണ്ഡീഗഡ് പോലിസിന്റെ ക്വിക്ക് റിയാക്ഷന്‍ ടീമിനെയും നിയോഗിച്ചിട്ടുണ്ട്.

Tags:    

Similar News