ദേശീയ വിദ്യാഭ്യാസ നയം: അഭിപ്രായം സമര്‍പ്പിക്കാനുള്ള സമയം ദീര്‍ഘിപ്പിക്കണമെന്ന് എസ്ഡിപിഐ
ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് സംബന്ധിച്ച് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വിയോജിപ്പുകളും സമര്‍പ്പിക്കാനുള്ള സമയപരിധി ആറു മാസത്തേക്കെങ്കിലും ദീര്‍ഘിപ്പിക്കണമെന്ന് എസ്ഡിപിഐ ന്യൂഡല്‍ഹി ഇന്ത്യ ഇന്റര്‍ നാഷനല്‍ സെന്ററില്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ വിദഗ്ധരുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും പണ്ഡിതരുടെയും യോഗം അംഗീകരിച്ച പ്രമേയം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
മര്‍മപ്രധാനമായ നയം പാസ്സാക്കുമ്പോള്‍ ആവശ്യമായ ചര്‍ച്ചകളോ അഭിപ്രായ സ്വരൂപണമോ നടത്താതെ സര്‍ക്കാര്‍ കാണിക്കുന്ന അനാവശ്യ ധൃതിയില്‍ പാനല്‍ ഉല്‍ക്കണ്ഠയും നീരസവും പ്രകടിപ്പിച്ചു. വിദ്യാഭ്യാസ ശാക്തീകരണത്തിന് തുക വകയിരുത്തുന്നതില്‍ കൃത്യമായ നയം വ്യക്തമാക്കണമെന്നും ജിഡിപിയുടെ 10 ശതമാനം വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കണമെന്നും പാനല്‍ ആവശ്യപ്പെട്ടു. മൂന്നിനും അഞ്ചിനും മധ്യേ പ്രായമുള്ള കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ മേഖലയില്‍ ആക്കുന്നതിനെയും വിദ്യാഭ്യാസ മേഖലയുടെ കോര്‍പറേറ്റുവല്‍ക്കരണത്തെയും സ്വകാര്യവല്‍ക്കരണത്തേയും പാനല്‍ ശക്തമായി വിമര്‍ശിച്ചു. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ സ്വഭാവത്തിനു വിപരീതമായി പ്രധാനമന്ത്രിയുടെ ഓഫിസിലേയ്ക്ക് അധികാരം കേന്ദ്രീകരിക്കുന്നതില്‍ വിദഗ്ധര്‍ ആശങ്ക രേഖപ്പെടുത്തി. സാംസ്‌കാരികവും മതപരവുമായ സ്വയംനിര്‍ണയാവകാശത്തെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി പകര്‍ന്നു നല്‍കുന്നതില്‍ കരട് വിദ്യാഭ്യാസ നയത്തില്‍ യാതൊരു ഉറപ്പും നല്‍കുന്നില്ല. എസ്ഡിപിഐ തയ്യാറാക്കിയ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിദ്യാഭ്യാസ വിദഗ്ധ പാനല്‍ അംഗീകരിക്കുകയും ഈ ലക്ഷ്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന സാമൂഹിക, വിദ്യാഭ്യാസ, ന്യൂനപക്ഷ രാഷ്ട്രീയ വിഭാഗങ്ങളുമായി യോജിച്ച മുന്നേറ്റം നടത്താനും തീരുമാനിച്ചു. കരട് വിദ്യാഭ്യാസ നയത്തില്‍ ആവശ്യമായ ഭേദഗതികള്‍ക്കായി പൊതുസമൂഹത്തിന്റെ ഇടപെടലിലൂടെ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും യോഗം അഭിപ്രായപ്പെട്ടു.
എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷഫി, മുന്‍ രജിസ്ട്രാര്‍ ഖാജാ ഷാഹിദ്, ഇഗ്‌നോ മുന്‍ പിവിസി ഡോ. ബസീര്‍ അഹ്മദ് ഖാന്‍, മുന്‍ ഡിയുടിഎ പ്രസിഡന്റ് നന്ദിത നര്യന്‍, ഡിയുടിഎ ട്രഷറര്‍ ഡോ. നജ്മ റഹ്മാനി, ഡോ. അനിറ്റ ഫാറൂഖി (എന്‍സിഇആര്‍ടി), ഡോ. എം ഇദ്രിസ് ഖുറേശി, പ്രശാന്ത് ചൗഹാന്‍, ഫാ. സൂസൈ സെബാസ്റ്റ്യന്‍, കാര്‍ഡിനല്‍ തരാനാ ഷറഫുദ്ദീന്‍ (കാണ്‍പൂര്‍), അഡ്വ. ഷറഫുദ്ദീന്‍ അഹ്മദ് എന്നിവര്‍ സംബന്ധിച്ചു. എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡോ. തസ്‌ലീം റഹ്മാനി മോഡറേറ്ററായിരുന്നു. രാജ്യവ്യാപകമായി ഇത്തരം ചര്‍ച്ചകള്‍ പാര്‍ട്ടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.