ദേശീയ വിദ്യാഭ്യാസ കരട് രേഖ: ഏകമുഖ ചിന്താധാരയിലേക്കുള്ള വഴിവെട്ടല്‍

Update: 2019-06-20 10:58 GMT

ലേഖനം/ എസ്. മുഹമ്മദ് റാഷിദ്

ദേശീയ വിദ്യാഭ്യാസത്തെ സംബന്ധിച്ചു നിരാശാജനകമായ വാര്‍ത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കമ്പോള ശക്തികളും വര്‍ഗീയ ശക്തികളും ചേര്‍ന്നു സംഘപരിവാരത്തിന്റെ ആലയില്‍ കാച്ചിക്കുറുക്കിയെടുത്ത പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട് രേഖയ്ക്ക് ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കെ. കസ്തൂരിരംഗന്റെ കൈയൊപ്പോടെ പച്ചക്കൊടി ലഭിച്ചിരിക്കുന്നു. വിദ്യാഭ്യാസ മേഖലയെ സ്വകാര്യവല്‍ക്കരിച്ചും പാഠ്യമേഖലയെ കാവിപുതപ്പിച്ചും മാനവികശാസ്ത്ര പഠനങ്ങളെ നിരുല്‍സാഹപ്പെടുത്തിയുമാണ് മോദി സര്‍ക്കാരിന്റെ പുതിയ ദേശീയ വിദ്യാഭ്യാസ കരട് രേഖ നിലവില്‍ വന്നിരിക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയിലും സര്‍വകലാശാലാ തലപ്പത്തും കാവിഭക്തരെ തിരഞ്ഞെടുത്ത് അവരോധിച്ചും തെറ്റായ ചരിത്ര ആഖ്യാനങ്ങള്‍ നടത്തിയും സംസ്‌കൃത ഭാഷയ്ക്ക് അമിത പ്രാധാന്യം നല്‍കിയും വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പാടെ അട്ടിമറിച്ചും കോത്താരി കമ്മീഷന്റെ ശുപാര്‍ശകളെ അടിമുടി ഉടച്ചുവാര്‍ക്കുന്നതുമാണ് പുതിയ നിര്‍ദേശങ്ങള്‍.

കോത്താരി കമ്മീഷന്റെ നിര്‍ദേശപ്രകാരം 10+2 രീതിയാണ് നിലവില്‍ അവലംബിച്ചുപോരുന്നത്. ഒന്നു മുതല്‍ 10 വരെയുള്ള ക്ലാസുകളെ വിവിധ ഘട്ടങ്ങളിലായി തിരിച്ചുള്ള രീതിയാണ് നിലവിലെ 10+2 സമ്പ്രദായം. ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളെ പ്രൈമറിയെന്നും ആറു മുതല്‍ എട്ടുവരെയുള്ള ക്ലാസുകളെ അപ്പര്‍ പ്രൈമറിയെന്നും ഒമ്പത്, 10 ക്ലാസുകളെ സെക്കന്‍ഡറി ഇനത്തിലും 11, 12 ക്ലാസുകളെ ഹയര്‍ സെക്കന്‍ഡറിയുമായി കണക്കാക്കുന്നതാണ് നിലവിലെ സമ്പ്രദായം. ഇതിനെ അട്ടിമറിച്ചുകൊണ്ടാണ് 5+3+3 എന്ന പുതിയ രീതി ദേശീയ വിദ്യാഭ്യാസ കരട് രേഖയില്‍ ശുപാര്‍ശ ചെയ്യുന്നത്.

പുതിയ രീതി അനുസരിച്ച് മൂന്നു മുതല്‍ എട്ടു വയസ്സു വരെയുള്ള ആദ്യഘട്ടത്തില്‍ പ്രീപ്രൈമറി ക്ലാസുകളാണ്. ഇതില്‍ ഒന്ന്, രണ്ട് ക്ലാസുകളും ഉള്‍പ്പെടും. 3, 4, 5 ക്ലാസുകള്‍ ഉള്‍പ്പെടുന്ന ലേറ്റര്‍ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. 6, 7, 8 ക്ലാസുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ പ്രൈമറി ഘട്ടമാണ് മൂന്നാമത്തേത്. ഒമ്പത് മുതല്‍ 12 വരെ ക്ലാസുകള്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡറി ലെവല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ നാലാം ഘട്ടമാണ്. സെക്കന്‍ഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും നിര്‍ദേശമുണ്ട്. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങള്‍ നിര്‍ബന്ധമാവുമ്പോള്‍ മറ്റുള്ളവ താല്‍പ്പര്യങ്ങളനുസരിച്ചു വിദ്യാര്‍ഥികള്‍ തന്നെ തിരഞ്ഞെടുക്കണം.

കരട് ശുപാര്‍ശ പ്രകാരം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി സമ്പ്രദായങ്ങള്‍ ഇല്ലാതാവും. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന സമൂഹത്തില്‍ ഔപചാരിക വിദ്യാഭ്യാസം വൈകിപ്പിക്കുന്നത് ജനതയോടു ചെയ്യുന്ന ക്രൂരതയാണ്. പുതിയ നിര്‍ദേശമനുസരിച്ച് ഒമ്പതാം ക്ലാസ് മുതല്‍ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നത്. 6, 7, 8 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ പ്രീപ്രൈമറി ഘട്ടത്തില്‍ തന്നെ നില്‍ക്കേണ്ടിവരുന്ന അവസ്ഥയാണുള്ളത്. ഇതിലൂടെ പുതിയ തലമുറയുടെ ബൗദ്ധിക നിലവാരത്തിലുണ്ടാവുന്ന മാറ്റം ഏതുനിലയില്‍ പ്രതിഫലിക്കുമെന്നതിനെക്കുറിച്ച് ഇനിയും വ്യക്തതയുണ്ടാവേണ്ടിയിരിക്കുന്നു. അതോടൊപ്പം തന്നെ, കരട് രേഖ പ്രകാരം നിലവിലെ എസ്.എസ്.എല്‍.സി, പ്ലസ്ടു ക്ലാസുകള്‍ സെക്കന്‍ഡറി ഘട്ടത്തിലാണ് ഉള്‍പ്പെടുന്നത്. ഇത് ഐച്ഛികമായതിനാല്‍ സെക്കന്‍ഡറി വിദ്യാഭ്യാസം നിര്‍ബന്ധമല്ലാതായി മാറുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം നിലവില്‍ വന്ന വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാന സങ്കല്‍പ്പങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നീക്കമാണിത്.

സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ വിദ്യാര്‍ഥികളെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ മേഖലയിലേക്ക് വഴിതിരിച്ചുവിടാന്‍ ഇത് ഇടയാക്കും. പുതുതലമുറയുടെ ബോധനിലവാരത്തില്‍ ഇതു ചെലുത്തുന്ന സ്വാധീനം തികച്ചും പ്രതികൂലമായിരിക്കും. ഇതു ബൗദ്ധിക, മാനവിക വിഷയങ്ങള്‍ പഠിക്കുന്നതില്‍ നിന്നു വിദ്യാര്‍ഥികളെ തിരിച്ചുവിടുന്നതിനുള്ള ഗൂഢതന്ത്രത്തിന്റെ ഭാഗമാണ്. ഒന്നാം മോദി സര്‍ക്കാര്‍ തുടക്കം മുതല്‍ തന്നെ മാനവികശാസ്ത്ര പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും ബജറ്റ് വിഹിതം വെട്ടിക്കുറച്ചും സംഘപരിവാരത്തിന് എതിരായുയര്‍ന്ന എല്ലാ ധൈഷണിക പ്രവര്‍ത്തനങ്ങളെയും വേട്ടയാടിയും വിദ്യാര്‍ഥികള്‍ ചരിത്രവും മാനവികതയും പഠിച്ചു ജനാധിപത്യബോധമുള്ള പൗരന്മാരായി വളര്‍ന്നുവരുന്നതിനെ തടയാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയായി മാത്രമേ, ഇപ്പോള്‍ പ്രസിദ്ധീകരിച്ച കരട് വിദ്യാഭ്യാസ രേഖയിലെ നിര്‍ദേശങ്ങളെ കാണാനാവൂ.

ഫെഡറല്‍ വ്യവസ്ഥ പുലരുന്ന നാട്ടില്‍ സംസ്ഥാനങ്ങളുടെയും സ്വയംഭരണ സ്ഥാപനങ്ങളായ സര്‍വകലാശാലകളുടെയും വിദ്യാഭ്യാസ മേഖലയിലെ വിവിധ കൗണ്‍സിലുകളുടെയും അധികാരം സംരക്ഷിക്കേണ്ടതു ജനാധിപത്യ ഭരണകൂടങ്ങളുടെ ബാധ്യതയാണ്. അത്തരം മര്യാദകളെയും കീഴ്‌വഴക്കങ്ങളെയും അട്ടിമറിച്ചുകൊണ്ടാണ് മറ്റു മേഖലയിലെന്നോണം വിദ്യാഭ്യാസ മേഖലയിലെയും ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കാനുള്ള നീക്കം നടക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ ഫെഡറല്‍ സംവിധാനം തകരുന്നതോടെ കേന്ദ്രസര്‍ക്കാരിന്റെയും അവരെ നയിക്കുന്ന അദൃശ്യ അധികാര കേന്ദ്രങ്ങളുടെയും നിയന്ത്രണത്തിലേക്കു വിദ്യാഭ്യാസ മേഖല പൂര്‍ണമായും എത്തിച്ചേരുന്നു. ഇതോടുകൂടി സംസ്ഥാന സര്‍ക്കാരുകളുടെയും അവരുടെ പ്രാതിനിധ്യത്തോടു കൂടിയുള്ള വിദ്യാഭ്യാസ സമിതികളുടെയും അധികാരത്തെയും തകര്‍ത്തെറിയാന്‍ നിക്ഷിപ്ത താല്‍പ്പര്യ കേന്ദ്രങ്ങള്‍ക്ക് അവസരം ലഭിക്കുന്നു. പ്രഫഷനല്‍ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാന്‍ എജ്യൂക്കേഷന്‍ റഗുലേറ്ററി അതോറിറ്റിയെയും മറ്റു വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാന്‍ രാഷ്ട്രീയ ശിക്ഷക് ആയോഗിനെയുമാണ് ഇതിനായി കമ്മീഷന്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഇതോടെ, കേന്ദ്രസര്‍ക്കാരിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ചു പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ മേഖലയുടെ പരമാധികാരികളായി ഇവ മാറുന്നു. ഇതോടൊപ്പമാണ് സര്‍വകലാശാലാ അധികാരങ്ങളെ നിയന്ത്രിക്കുന്ന യു.ജി.സി സംവിധാനം നിര്‍ത്തലാക്കി പകരം ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ സ്ഥാപിക്കുന്നത് കൂട്ടിവായിക്കേണ്ടത്.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനും സ്ഥാപനത്തിന്റെ ഇഷ്ടാനുസരണം ഫീസ് നിശ്ചയിക്കാനും അധികാരം സ്ഥാപനമുടമയ്ക്കു നല്‍കുന്നതാണ് മറ്റൊരു നിര്‍ദേശം. ഇതു വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണത്തിന് ആക്കം കൂട്ടും. പൊതുവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഭരണകൂടത്തിന്റെ വഴിമാറി നടത്തമായി മാത്രമെ ഇതിനെ നോക്കിക്കാണാനാവു. ഫീസ് നിര്‍ണയാവകാശം സ്ഥാപന ഉടമകള്‍ക്കു നല്‍കുന്നതോടെ സാധാരണക്കാര്‍ക്ക് പ്രഫഷനല്‍ വിദ്യാഭ്യാസം ബാലികേറാമലയാവും. ഇതു വിദ്യാഭ്യാസത്തിന്റെ സാമൂഹികനീതി സങ്കല്‍പ്പത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതിനു തുല്യമാണ്.

വൈവിധ്യത്തിലധിഷ്ഠിതമായ ഇന്ത്യന്‍ സമൂഹത്തില്‍, സാര്‍വത്രിക വിദ്യാഭ്യാസമെന്നത് ഓരോ വിഭാഗത്തിന്റെയും സാംസ്‌കാരിക സ്വത്വത്തെ ഉള്‍ക്കൊള്ളുന്നതും സ്വതന്ത്രമായ അന്വേഷണങ്ങളെയും ഗവേഷണങ്ങളെയും പ്രോല്‍സാഹിപ്പിക്കുന്നതുമാവണം. പരിമിതികള്‍ക്കുള്ളിലും ഇക്കാലമത്രയും ഇത്തരമൊരു സന്തുലിതാവസ്ഥ നിലനിര്‍ത്തിപ്പോവാന്‍ നമുക്കു കഴിഞ്ഞിരുന്നു. അതില്‍നിന്നു വ്യത്യസ്തമായി വിദ്യാഭ്യാസ മേഖലയെ ഒരു ഏകമുഖ ചിന്താധാരയിലേക്കു പറിച്ചു നടാനുള്ള തികച്ചും സങ്കുചിതമായ ആലോചനകളുടെ ആകത്തുകയായി മാത്രമേ, പുതിയ ദേശീയ വിദ്യാഭ്യാസ കരട് രേഖയെ കാണാന്‍ കഴിയൂ.

(തേജസ് വാരിക പ്രസിദ്ധീകരിച്ചത്)


Tags:    

Similar News