ബിനോയ് കോടിയേരിക്ക് കുരുക്ക് മുറുകുന്നു; കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് യുവതി
ബിനോയ് കോടിയേരി യുവതിക്കൊപ്പം മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 2013ല്‍ കുട്ടിയുടെ പിറന്നാളാഘോഷത്തിന് കേക്ക് മുറിക്കുന്നതിന്റെ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ന്യൂഡല്‍ഹി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്കെതിരേ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് ലൈംഗിക പീഡനപരാതി നല്കിയ ബിഹാര്‍ സ്വദേശിയായ യുവതി രംഗത്ത്. ബിനോയ് കോടിയേരി യുവതിക്കൊപ്പം മകന്റെ പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. 2013ല്‍ കുട്ടിയുടെ പിറന്നാളാഘോഷത്തിന് കേക്ക് മുറിക്കുന്നതിന്റെ മൂന്ന് ചിത്രങ്ങളാണ് യുവതി തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
കുട്ടിയോടൊപ്പം കേക്ക് മുറിക്കുന്നതും കേക്ക് കുട്ടിക്ക് നല്‍കുന്നതും ചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. ഈ ചിത്രങ്ങള്‍ യുവതി നേരത്തെ കോടതിയിലും സമര്‍പ്പിച്ചിരുന്നു. യുവതി നല്കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി കേസ് റദ്ദാക്കാന്‍ ബിനോയ് നല്കിയ ഹരജി കോടതി അടുത്തദിവസം പരിഗണനയിലിരിക്കെയാണ് കൂടുതല്‍ തെളിവുകളുമായി യുവതി രംഗത്തെത്തിയത്. യുവതിയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നുമായിരുന്നു ബിനോയ് കോടിയേരിയുടെ വാദം.
എന്നാല്‍, കുട്ടിയുടെ പിതൃത്വം തെളിയിക്കുന്നതിന് ഡിഎന്‍എ പരിശോധന നടത്തണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യത്തില്‍നിന്ന് ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ബിനോയ് കോടിയേരി ഒഴിഞ്ഞുമാറുകയായിരുന്നു. ഇതിനുപിന്നാലെയാണ് പരാതി ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി ശ്രമിക്കുന്നതിന്റെ ഫോണ്‍ സംഭാഷണംകൂടി പുറത്തുവന്നത്. ഓരോ ദിവസവും കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ലൈംഗികപീഡനക്കേസില്‍ ബിനോയ് കോടിയേരിക്കെതിരായ കുരുക്ക് മുറുകുകയാണ്.