യുപിയില്‍ കോടതി മുറിയില്‍ അഭിഭാഷകനെ വെടിവച്ചുകൊന്ന സംഭവം: പ്രതിയായ അഭിഭാഷകന്‍ അറസ്റ്റില്‍
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കോടതി മുറിയില്‍ അഭിഭാഷകനെ വെടിവച്ചുകൊന്ന കേസില്‍ പ്രതിയായ അഭിഭാഷകന്‍ അറസ്റ്റിലായി. യുപിയിലെ ഷാജഹാന്‍പൂരിലെ ജില്ലാ കോടതിയിലാണ് ദാരുണസംഭവമുണ്ടായത്. ജലാല്‍ബാദില്‍നിന്നുള്ള അഭിഭാഷകനായ ഭൂപേന്ദ്ര സിങ്ങാ (38) ണ് കൊല്ലപ്പെട്ടത്. കോടതി കെട്ടിടത്തിലെ മൂന്നാമത്തെ നിലയിലാണ് ഭൂപേന്ദ്രസിങ്ങിന്റെ മൃതദേഹം കണ്ടെത്തിത്. സമീപത്തുനിന്നും ഒരു തോക്കും ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. അറസ്റ്റിലായ അഭിഭാഷകന്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. മുന്‍വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്നാണ് പ്രതി പോലിസിനോട് പറഞ്ഞത്.
സംഭവസ്ഥലത്തുനിന്ന് ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിച്ചു. മൂന്ന് ഡോക്ടര്‍മാരുടെ പാനലാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് നടത്തുകയും റിരോര്‍ട്ട് തയ്യാറാക്കുകയും ചെയ്യുക. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് എഡിജിപി പ്രശാന്ത്കുമാര്‍ പറഞ്ഞു. കോടതിയില്‍ നടക്കുന്ന ഒരു കേസുമായി ബന്ധപ്പെട്ട് ക്ലര്‍ക്കിനെ കാണാനായി മൂന്നാം നിലയിലേക്ക് പോയപ്പോഴാണ് ഭൂപേന്ദ്ര സിങ്ങിന് വെടിയേറ്റതെന്നാണ് പോലിസ് പറയുന്നത്.
ആരോ ഒരാളോട് അഭിഭാഷകന്‍ സംസാരിച്ചുനില്‍ക്കുന്നതിനിടെ വെടിപൊട്ടിയ ശബ്ദം കേട്ടെന്നാണ് കോടതിയിലുള്ളവര്‍ പറഞ്ഞത്. മറ്റാരുമില്ലാതിരുന്നതിനാല്‍ ആത്മഹത്യയാവാമെന്ന സംശയത്തിലായിരുന്നു ആദ്യം പോലിസ്. സംഭവം കൊലപാതകമാണെന്നും പ്രതിയെ അറസ്റ്റുചെയ്യണമെന്നും ആവശ്യപ്പെട്ട് കോടതി വളപ്പില്‍ അഭിഭാഷകര്‍ പ്രതിഷേധം ഉയര്‍ത്തിയതോടെ പോലിസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. തുടര്‍ന്നാണ് മറ്റൊരു അഭിഭാഷകനാണ് പ്രതിയെന്ന് കണ്ടെത്തിയത്.