ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്‌വാദി പാര്‍ട്ടിയില്‍
അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് പൂനം സിന്‍ഹയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. മുന്‍കാല ബോളിവുഡ് നടിയും മോഡലും നിര്‍മാതാവുമൊക്കെയാണ് പൂനം സിന്‍ഹ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരേ അവര്‍ ലഖ്‌നൗവില്‍ മല്‍സരിക്കും.
ലക്‌നോ: ബിജെപിയില്‍നിന്ന് അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവാണ് പൂനം സിന്‍ഹയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. മുന്‍കാല ബോളിവുഡ് നടിയും മോഡലും നിര്‍മാതാവുമൊക്കെയാണ് പൂനം സിന്‍ഹ. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിനെതിരേ അവര്‍ ലഖ്‌നൗവില്‍ മല്‍സരിക്കും. രാജ്‌നാഥ് ലക്‌നോവില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് തൊട്ടുപിന്നാലെയാണ് പൂനം എസ്പി ഓഫിസിലെത്തി പാര്‍ട്ടി അംഗത്വമെടുത്തതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
വിവരമറിഞ്ഞ് പാര്‍ട്ടിയുടെ സ്ഥാപകനേതാവ് മുലായം സിങ് യാദവ് ഓഫിസിലെത്തുകയും പൂനം സിന്‍ഹയുമായി ചര്‍ച്ച നടത്തുകയും ചെയ്തു. അവര്‍ വ്യാഴാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് എസ്പി നേതാവ് രവിദാസ് മെഹോത്ര അറിയിച്ചു. ലക്‌നോവിലെ എസ്പി- ബിഎസ്പി- ആര്‍എല്‍ഡി സ്ഥാനാര്‍ഥിയായിട്ടാവും പൂനം മല്‍സരിക്കുകയെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസും അവരെ പിന്തുണച്ചേക്കുമെന്നാണ് വിവരം. ലക്‌നോവില്‍ രാജ്‌നാഥിനെതിരേ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മണ്ഡലത്തിലെ ജാതിസമവാക്യം മുതലാക്കാനാണ് എസ്പി പരിശ്രമിക്കുന്നത്.
മണ്ഡലത്തിലെ വോട്ടര്‍മാരില്‍ നാലുലക്ഷംപേര്‍ ശത്രുഘ്‌നന്‍ സിന്‍ഹയുടെ സമുദായമായ കായസ്തയില്‍പ്പെട്ടവരും 1.3 ലക്ഷം പേര്‍ പൂനം സിന്‍ഹയുടെ സിന്ധി സമുദായത്തില്‍പ്പെട്ടവരുമാണ്. 3.5 ലക്ഷം മുസ്‌ലിം വോട്ടുകളും മണ്ഡലത്തിലുണ്ട്. രണ്ടുസമുദായങ്ങളുടെയും വോട്ട് പൂനത്തിനു നേടാനാവുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 55.7 ശതമാനം വോട്ടുനേടിയാണ് ലക്‌നോവില്‍ രാജ്‌നാഥ് സിങ് വിജയിച്ചത്. കോണ്‍ഗ്രസ് നേതാവായിരുന്ന റീത്താ ബഹുഗുണ ജോഷി ആയിരുന്നു രാജ്‌നാഥ് സിങ്ങിന്റെ എതിരാളി. പിന്നീട് റീത്താ ബഹുഗുണ ജോഷി ബിജെപിയിലേക്ക് കൂടുമാറുകയും സംസ്ഥാനമന്ത്രിയാവുകയും ചെയ്തു.