മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ പോലുമാകുന്നില്ല; ബിജെപിയെയും മഹായുതി സഖ്യത്തെയും വിമര്‍ശിച്ച് ശിവസേന
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വൈകുന്നതില്‍ ബിജെപിയെയും മഹായുതി സഖ്യത്തെയും വിമര്‍ശിച്ച് ശിവസേന (യു.ബി.ടി) നേതാവ് ആദിത്യ താക്കറെ. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി പോലും തേടാതെ സത്യപ്രതിജ്ഞയുടെ തിയ്യതി പ്രഖ്യാപിച്ചത് അരാജകത്വമാണ്. ഇവിടെ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമാണ് നിയമം ബാധകമാകുന്നത്. ചില പാര്‍ട്ടികള്‍ക്ക് നിയമം ഒരു തരത്തിലും ബാധകമാകുന്നില്ലെന്നും ആദിത്യ താക്കറെ കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ കാവല്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദെ ഇപ്പോള്‍ അവധി ആഘോഷിക്കുന്ന തിരക്കിലാണെന്നും അദ്ദേഹം പരിഹസിച്ചു.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ച പിന്നിട്ടിട്ടും സര്‍ക്കാര്‍ രൂപീകരിക്കാത്തതും മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ കഴിയാത്തതും മഹാരാഷ്ട്രയിലെ ജനങ്ങളെയും തിരഞ്ഞെടുപ്പ് കമ്മീഷനെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ യോഗ്യത നേടിയവര്‍ മുന്‍ഗണന നല്‍കുന്നത് ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം മഹാരാഷ്ട്രയില്‍ അധികാരത്തിലെത്തുന്ന നേതാക്കള്‍ക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍, മഹാരാഷ്ട്രയില്‍ ഇതുവരെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താത്തത് എന്താണെന്നും താക്കറെ ചോദിച്ചു. എക്സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് പ്രചാരണം ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ക്ഷീണിതനാണെന്നും വിശ്രമത്തിനായി സ്വദേശമായ സത്താറയിലേക്ക് പോകുകയാണെന്നും മഹാരാഷ്ട്രയുടെ കാവല്‍ മുഖ്യമന്ത്രിയായ ഏക്നാഥ് ഷിന്ദെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം അവധി ആഘോഷിക്കാന്‍ പോയിരിക്കുകയാണെന്ന് ആദിത്യ താക്കറെ കുറ്റപ്പെടുത്തിയത്. മുഖ്യമന്ത്രി സ്ഥാനത്തിന് ഉള്‍പ്പെടെ ഷിന്ദെ മുന്നോട്ടുവെച്ച ഉപാധികളാണ് സര്‍ക്കാര്‍ രൂപീകരണം വൈകാന്‍ കാരണമായത്.