ആര്‍എസ്എസ് മേധാവിയുടെ ഹിന്ദുരാഷ്ട്രവാദം തള്ളി സിഖ് സംഘടനകള്‍
ഇന്ത്യ ഒരു ബഹുജാതി, ബഹുഭാഷ, ബഹുമതരാഷ്ട്രമാണെന്നും എല്ലാ മതത്തിലും വിശ്വസിക്കാന്‍ ആളുകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഗോബിന്ദ് സിങ് ലോംഗോവാള്‍ പറഞ്ഞു.
അമൃത്‌സര്‍: ആര്‍എസ്എസ് മേധാവിയുടെ മോഹന്‍ ഭാഗവത് ഹിന്ദുരാഷ്ട്രത്തെക്കുറിച്ച് നടത്തിയ പ്രസ്താവയ്‌ക്കെതിരേ സിഖ് സംഘടനകള്‍ രംഗത്ത്. ഒക്ടോബര്‍ എട്ടിന് നാഗ്പൂരില്‍ നടന്ന ഒരു ദസറ ചടങ്ങിനിടെയാണ് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണെന്നും ഹിന്ദുക്കള്‍ ഒന്നിക്കണമെന്നാണ് ലോകം മുഴുവന്‍ കേള്‍ക്കാനാഗ്രഹിക്കുന്നതെന്നും പറഞ്ഞത്. ഇന്ത്യ ഒരു ബഹുജാതി, ബഹുഭാഷ, ബഹുമതരാഷ്ട്രമാണെന്നും എല്ലാ മതത്തിലും വിശ്വസിക്കാന്‍ ആളുകള്‍ക്ക് ഇന്ത്യന്‍ ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നും ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്ജിപിസി) പ്രസിഡന്റ് ഗോബിന്ദ് സിങ് ലോംഗോവാള്‍ പറഞ്ഞു.
ഇന്ത്യന്‍ ഭരണഘടനയെ അവഹേളിക്കുന്ന ഹിന്ദുരാഷ്ട്ര അജണ്ട ആര്‍എസ്എസ് മേധാവി മനപൂര്‍വം നടപ്പാക്കുന്നത് നിര്‍ഭാഗ്യകരമാണ്. അത്തരം പ്രസ്താവനകള്‍ ഒഴിവാക്കാന്‍ മോഹന്‍ ഭാഗവതിനോട് ഉപദേശിക്കുകയാണ്. ആര്‍എസ്എസ് സിഖുകാരെയും മറ്റ് മതവിശ്വാസികളെയും ഹിന്ദുരാഷ്ട്ര പ്രത്യയശാസ്ത്രത്തിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോഹന്‍ ഭാഗവത് നടത്തിയതുപോലെയുള്ള പ്രസ്താവനകള്‍ മറ്റ് മതങ്ങളിലും സംസ്‌കാരങ്ങളിലുംപെട്ട ഇന്ത്യക്കാരില്‍ വിരോധം വളര്‍ത്തുമെന്ന് സിഖ് സംഘടനയായ എസ്എഡി (തക്‌സാലി) സെക്രട്ടറി ജനറലും ചീഫ് വക്താവുമായ സേവാ സിങ് സെഖ്വാന്‍ പറഞ്ഞു.
ആര്‍എസ്എസ്സിന്റെ രാഷ്ട്രീയവിഭാഗമായ ബിജെപിയാണ് നിലവില്‍ ഇന്ത്യയിലെ ഭരണകക്ഷി. ഇത്രയും വലിയ സംഘടനയുടെ തലവന്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ഭയാനകമായ മാനസികാവസ്ഥയാണ് പ്രകടിപ്പിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ വികാരത്തെ മാനിക്കണമെന്നും അതിനെതിരാവുന്ന പ്രസ്താവനകള്‍ നടത്തരുതെന്നും ആര്‍എസ്എസ് മേധാവിയെ സെഖ്വാനും ഉപദേശിച്ചു.