ലാവ്‌ലിന്‍ കേസ് അടിയന്തര പ്രാധാന്യമുള്ളതെന്ന് സിബിഐ; അടുത്ത വ്യാഴാഴ്ച പരിഗണിക്കാമെന്ന് സുപ്രിംകോടതി

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചുതന്നെയാവും വ്യാഴാഴ്ച കേസ് പരിഗണിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബെഞ്ച് ഉണ്ടായിരുന്നുള്ളൂ.

Update: 2020-09-30 09:59 GMT

ന്യൂഡല്‍ഹി: എസ്എന്‍സി ലാവ്ലിന്‍ കേസ് അടുത്ത വ്യാഴാഴ്ച സുപ്രിംകോടതി പരിഗണിക്കും. അടിയന്തരപ്രാധാന്യമുള്ള കേസാണെന്നും വേഗത്തില്‍ പരിഗണിക്കണമെന്നും സിബി ഐ സുപ്രിംകോടതിയില്‍ അറിയിച്ചപ്പോഴാണ് അടുത്ത വ്യാഴാഴ്ച കേസ് പരിഗണിക്കാമെന്ന് ജസ്റ്റിസ് യു യു ലളിത് അറിയിച്ചത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയാണ് സിബിഐയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായത്. ജസ്റ്റിസ് യു യു ലളിതിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചുതന്നെയാവും വ്യാഴാഴ്ച കേസ് പരിഗണിക്കുക. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണി വരെ മാത്രമേ ജസ്റ്റിസ് ലളിതിന്റെ മൂന്നംഗ ബെഞ്ച് ഉണ്ടായിരുന്നുള്ളൂ.

ഇന്ന് കോടതി പരിഗണിക്കുന്നതിന് ലിസ്റ്റ് ചെയ്തിരുന്ന കേസുകളില്‍ 23ാമത്തേതായിരുന്നു ലാവ്ലിന്‍ കേസ്. എന്നാല്‍, 14ാമത്തെ കേസ് പരിഗണിച്ചപ്പോള്‍ തന്നെ ഒന്നേകാല്‍ മണിയായി. പിന്നീട് ബെഞ്ചിലെ മറ്റുകേസുകള്‍ കേള്‍ക്കാന്‍ ലളിത് തയ്യാറായില്ല. 14ാമത്തെ കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായിരുന്നത് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയായിരുന്നു. വാദത്തിന്റെ അവസാനം ബെഞ്ച് എണീക്കാന്‍ തുടങ്ങിയപ്പോഴാണ് 23ാമത്തെ കേസിലും താനാണ് ഹാജരാവുന്നതെന്നും അടിയന്തരമായി വാദം കേള്‍ക്കണമെന്നും തുഷാര്‍ മേത്ത ആവശ്യം മുന്നോട്ടുവച്ചത്. തുടര്‍ന്ന് ജസ്റ്റിസ് ലളിത് ഏതുകേസിനെക്കുറിച്ചാണ് സോളിസിറ്റര്‍ ജനറല്‍ പറയുന്നത് എന്ന് ആരാഞ്ഞു.

കേരളവുമായി ബന്ധപ്പെട്ട കേസാണെന്ന് പറഞ്ഞപ്പോഴാണ് അടുത്ത വ്യാഴാഴ്ച ഇത് കേള്‍ക്കാമെന്ന് അദ്ദേഹം വ്യക്തമാക്കിയത്. 2017 ഒക്ടോബര്‍ മുതല്‍ 19 തവണയാണ് ലാവ്‌ലിന്‍ കേസ് സുപ്രിംകോടതിക്ക് മുന്നിലെത്തിയത്. വിവിധ കക്ഷികള്‍ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെടുകയും മറുപടി ഫയല്‍ ചെയ്യാന്‍ വൈകിക്കുകയും ചെയ്തതിനാല്‍ കേസ് നീണ്ടുപോവുകയായിരുന്നു. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍, ഊര്‍ജവകുപ്പ് മുന്‍ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ അപ്പീലാണ് സുപ്രിംകോടതിക്ക് മുമ്പാകെയുള്ളത്.

വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച കസ്തൂരി രംഗ അയ്യര്‍, ശിവദാസന്‍, രാജശേഖരന്‍ നായര്‍ എന്നിവരുടെ വിചാരണ സുപ്രിംകോടതി നേരത്തേ സ്റ്റേ ചെയ്തു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടെന്നതാണ് കേസ്.

Tags:    

Similar News