ലാവ്‌ലിൻ ഇന്ന് സുപ്രിംകോടതിയിൽ; സിബിഐക്ക് വേണ്ടി തുഷാര്‍മേത്ത എത്തുന്നു

രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട അഴിമതി കേസുകളിലെല്ലാം സിബിഐക്ക് വേണ്ടി ഇപ്പോൾ ഹാജരാകുന്നത് തുഷാര്‍ മേത്തയാണ്.

Update: 2019-10-01 02:04 GMT

ന്യൂഡൽഹി: എസ്എൻസി ലാവലിൻ കേസ് ഇന്ന് സുപ്രിംകോടതി പരി​ഗണിച്ചേക്കും. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറൽ തുഷാര്‍മേത്ത ഹാജരാകും. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകൻ ഹരീഷ് സാൽവെ ആയിരിക്കും ഹാജരാകുക. കശ്മീ‌‌ർ കേസുകൾ പരി​ഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ നടപടികൾ തീര്‍ന്നാലെ ലാവലിൻ കേസ് പരിഗണിക്കാൻ സാധ്യതയുള്ളൂ.

ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയിലെ പരിഗണന പട്ടികയിൽ ആദ്യത്തെ കേസായാണ് എസ്എൻസി ലാവലിൻ ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇതേ കോടതിയിൽ ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് രാവിലെ പത്തര മണിമുതൽ ജമ്മുകശ്മീര്‍ ഹരജികളാകും ആദ്യം പരിഗണിക്കുക.

2017 ആഗസ്ത് 23ന് പിണറായി വിജയനേയും ഉദ്യോഗസ്ഥരമായ കെ മോഹന ചന്ദ്രൻ, എ ഫ്രാൻസിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയിൽ എത്തിയത്. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസൻ, കെ ജി രാജശേഖരൻ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. അതിനെതിരേ ഈ ഉദ്യോഗസ്ഥര്‍ നൽകിയ ഹരജിയും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്.

കേസിൽ സിബിഐക്ക് വേണ്ടി തുഷാര്‍മേത്ത എത്തുന്നു എന്നത് പ്രധാനമാണ്. രാഷ്ട്രീയ നേതാക്കൾ ഉൾപ്പെട്ട അഴിമതി കേസുകളിലെല്ലാം സിബിഐക്ക് വേണ്ടി ഇപ്പോൾ ഹാജരാകുന്നത് തുഷാര്‍ മേത്തയാണ്. ചിദംബരം ഉൾപ്പെട്ട ഐഎൻഎക്സ് മീഡിയ കേസ്, ഡി കെ ശിവകുമാറിനെതിരായ ഇഡി കേസ് തുടങ്ങി എല്ലാ പ്രധാന കേസുകളിലും തുഷാര്‍മേത്തയാണ് സിബിഐയുടെ അഭിഭാഷകൻ. ഇതുവരെ ഹാജരായിരുന്ന അഡീഷണൽ സോളിസിറ്റര്‍ ജനറൽ പിങ്കി ആനന്ദിനെ മാറ്റിയാണ് തുഷാര്‍ മേത്ത എത്തുന്നത്. 

Tags:    

Similar News