പുതിയ നിയന്ത്രണ നീക്കവുമായി കേന്ദ്രം; പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍
ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയവയില്‍ വരുന്ന നിയമിരുദ്ധമായ എല്ലാ ഉള്ളടക്കവും നീക്കം ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന രീതിയിലുള്ള നിയമത്തിനാണ് ഐടി മന്ത്രാലയം കഴിഞ്ഞ മാസം ശുപാര്‍ശ ചെയ്തിട്ടുള്ളത്.
ന്യൂഡല്‍ഹി: ഇന്റര്‍നറ്റിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ പുതിയ ചട്ടം കൊണ്ടുവരാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം നേരിടാന്‍ ആഗോള സോഷ്യല്‍ മീഡിയ, ടെക്‌നോളജി കമ്പനികള്‍ രംഗത്ത്. ഫെയ്‌സ്ബുക്ക്, വാട്ട്‌സാപ്പ്, ട്വിറ്റര്‍ തുടങ്ങിയവയില്‍ വരുന്ന നിയമിരുദ്ധമായ എല്ലാ ഉള്ളടക്കവും നീക്കം ചെയ്യല്‍ നിര്‍ബന്ധമാക്കുന്ന രീതിയിലുള്ള നിയമത്തിനാണ് ഐടി മന്ത്രാലയം കഴിഞ്ഞ മാസം ശുപാര്‍ശ ചെയ്തിട്ടുള്ളത്. രാജ്യത്തിന്റെ പരമാധികാരത്തെയും അഖണ്ഡതയെയും ബാധിക്കുന്ന ഏതൊരു പോസ്റ്റും നിയമവിരുദ്ധമായി കാണക്കാക്കും.
വിഷയത്തില്‍ ജനുവരി 31വരെ പൊതുജനങ്ങള്‍ക്ക് പ്രതികരണം അറിയിക്കാനാവും. തുടര്‍ന്ന് അത് നിയമമായി മാറും. മെയില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് നീക്കമെന്നത് ശ്രദ്ധേയമാണ്. എതിര്‍ ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള കേന്ദ്ര നീക്കമാണ് ഇതിന് പിന്നിലെന്നാണ് പൗരാവകാശ പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. ഭരണകൂടത്തെ വിമര്‍ശിക്കുന്നത് പോലും രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്നതാണെന്ന് ന്യായീകരിച്ച് നിയന്ത്രിക്കാന്‍ സര്‍ക്കാരിന് സാധിക്കും. ലോകത്തിന്റെ പല ഭാഗത്തുമുള്ള സര്‍ക്കാരുകള്‍ ഇന്റര്‍നെറ്റിനെ നിയന്ത്രിക്കാനുള്ള ഇത്തരം നീക്കവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, അതിനെതിരേ പോരാടുന്ന നിലപാടാണ് പൊതുവേ സോഷ്യല്‍ മീഡിയ കമ്പനികള്‍ സ്വീകരിച്ചിട്ടുള്ളത്.
ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള കമ്പനികളെ പ്രതിനിധീകരിക്കുന്ന ഇന്ത്യയിലെയും യുഎസിലെയും വിദഗ്ധര്‍ പുതിയ നിയമത്തിന്റെ പ്രത്യാഘാതങ്ങള്‍ സംബന്ധിച്ചുള്ള നിയമോപദേശം തേടിയിട്ടുണ്ട്. ഇന്ത്യയിലെ 50 കോടിയോളം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. 30 കോടി പേര്‍ ഫെയ്‌സ്ബുക്കും 20 കോടി പേര്‍ വാട്ട്‌സാപ്പും ഉപയോഗിക്കുന്നുണ്ട്.