എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ഉടന്‍ സുഖംപ്രാപിക്കുമെന്ന് ബന്ധുക്കള്‍
എസ്പിബിയുടെ ആരോഗ്യനില രാവിലെ ഗുരുതരമായിരുന്നുവെങ്കിലും വൈകീട്ടോടെ വളരെയേറെ മെച്ചപ്പെട്ടതായി മകന്‍ എസ് പി ചരണും സഹോദരി എസ് പി വസന്തയും അറിയിച്ചു.
ചെന്നൈ: കൊവിഡ് ബാധിച്ച് വെന്റിലേറ്ററില്‍ ചികില്‍സയില്‍ കഴിയുന്ന ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ബന്ധുക്കള്‍. എസ്പിബിയുടെ ആരോഗ്യനില രാവിലെ ഗുരുതരമായിരുന്നുവെങ്കിലും വൈകീട്ടോടെ വളരെയേറെ മെച്ചപ്പെട്ടതായി മകന്‍ എസ് പി ചരണും സഹോദരി എസ് പി വസന്തയും അറിയിച്ചു. ഡോക്ടര്‍മാരുടെ ചികില്‍സയ്ക്കുശേഷം പിതാവിന്റെ നിലയില്‍ കൂടുതല്‍ പുരോഗതിയുണ്ട്.
അതിനാല്‍, ഉത്കണ്ഠയ്ക്ക് കാരണമില്ലെന്നും അദ്ദേഹം ഉടന്‍ സുഖം പ്രാപിക്കുമെന്നും ചരണ്‍ ചെന്നൈയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സഹോദരന്റെ ഇച്ഛാശക്തി വളരെ വലുതാണ്. അദ്ദേഹത്തിന്റെ അഭ്യുദയകാംക്ഷികളുടെ പ്രാര്‍ത്ഥനയുള്ളതിനാല്‍ അദ്ദേഹം പെട്ടെന്ന് സുഖം പ്രാപിക്കുമെന്നും സുരക്ഷിതമായും ഊര്‍ജസ്വലമായും വീട്ടിലേക്ക് മടങ്ങുമെന്നും സഹോദരി വസന്ത കൂട്ടിച്ചേര്‍ത്തു. ഈ മാസം അഞ്ചിനാണ് ചെന്നൈയിലെ എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രിയില്‍ എസ്പിബിയെ പ്രവേശിപ്പിച്ചത്.
ഇന്നലെ രാത്രിയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില കൂടുതല്‍ വഷളായി. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. നില ഗുരുതരമാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവന്‍ നിലനിര്‍ത്തുന്നത്- ആശുപത്രി വൈകുന്നേരമിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.