നിസാമുദ്ദീന്‍ തബ്ലീഗ് മര്‍ക്കസിനെ അപകീര്‍ത്തിപ്പെടുത്തുന്നത് അവസാനിപ്പിക്കുക: എസ്ഡിപിഐ

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കരുതലുകളില്ലാതെയും ആസൂത്രിതമല്ലാതെയുമുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനമാണ് വലിയ തോതിലുള്ള ബഹുജനസമ്പര്‍ക്കങ്ങള്‍ക്കിടയായത്. അതിന്റെ ഉത്തരവാദിത്വവും പങ്കും മറച്ചുവയ്ക്കാനാവില്ല.

Update: 2020-03-31 13:32 GMT

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെടുത്തി ന്യൂഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് മര്‍ക്കസിനും നേതാക്കള്‍ക്കുമെതിരേ നടന്നുകൊണ്ടിരിക്കുന്ന അപകീര്‍ത്തികരമായ പ്രചാരണം അപലപനീയമാണെന്നും ഉടന്‍ അവസാനിപ്പിക്കണമെന്നും എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. ചില മാധ്യമങ്ങള്‍ പക്ഷപാതപരമായി നടത്തുന്ന ഈ നികൃഷ്ടമായ പ്രചാരണം സാമുദായികവിദ്വേഷ വൈറസിന്റെ വ്യാപനത്തിനു മാത്രമേ സഹായിക്കുകയുള്ളൂ.

കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ മുന്‍കരുതലുകളില്ലാതെയും ആസൂത്രിതമല്ലാതെയുമുള്ള ലോക്ക് ഡൗണ്‍ പ്രഖ്യാപനമാണ് വലിയ തോതിലുള്ള ബഹുജനസമ്പര്‍ക്കങ്ങള്‍ക്കിടയായത്. അതിന്റെ ഉത്തരവാദിത്വവും പങ്കും മറച്ചുവയ്ക്കാനാവില്ല. തബ് ലീഗ് മര്‍ക്കസ് ഒരുതരത്തിലുള്ള നിയമമോ സുരക്ഷാനിര്‍ദേശങ്ങളോ ലംഘിച്ചിട്ടില്ല. ലോക്ക് ഡൗണ്‍ സമയത്ത് അവര്‍ക്ക് പ്രതിനിധികളെ പാര്‍പ്പിക്കേണ്ടിവന്നത് ഗതാഗതമോ താമസസൗകര്യമോ നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതിനാലാണ്. വൃത്തികെട്ട രാഷ്ട്രീയത്തിന്റെ സമയം ഇതല്ലെന്ന് രാജ്യത്തെ അധികാരികളെയും പാര്‍ട്ടികളെയും അദ്ദേഹം ഓര്‍മപ്പെടുത്തി.

നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും യുപി മുഖ്യമന്ത്രി യോഗിയുടെ നേതൃത്വത്തില്‍ അയോധ്യയില്‍ നടന്ന യോഗത്തെ മറച്ചുപിടിക്കുകയും ചെയ്യുന്നത് ലജ്ജാകരമാണ്. തബ്‌ലീഗ് മര്‍ക്കസിനെ ലക്ഷ്യംവച്ച് നടത്തുന്ന കുപ്രചാരണം അവസാനിപ്പിക്കണമെന്നും നിഷ്പക്ഷമായും ഉത്തരവാദിത്വത്തോടുംകൂടി പെരുമാറാന്‍ എല്ലാവരും തയ്യാറാവണമെന്നും എം കെ ഫൈസി ആവശ്യപ്പെട്ടു. 

Tags:    

Similar News