മേഘാലയ ഖനി അപകടം: കേന്ദ്രത്തിനും സംസ്ഥാന സര്‍ക്കാരിനും സുപ്രിംകോടതിയുടെ വിമര്‍ശനം
ഡിസംബര്‍ 13 ന് സംഭവിച്ച അപകടത്തിനു ശേഷം ഇത്രകാലം കൊണ്ട് ചെയ്ത രക്ഷാപ്രവര്‍ത്തനങ്ങളുടെ സറ്റാറ്റസ് റിപോര്‍ട്ട് ജനുവരി ഏഴിനു സമര്‍പിക്കണമെന്നും ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ സുപ്രിംകോടതി ബഞ്ച് ആവശ്യപ്പെട്ടു.
ന്യൂഡല്‍ഹി: മേഘാലയിലെ ഖനി അപകടത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ രക്ഷാപ്രവര്‍ത്തനം പരാജയമാണെന്ന് സുപ്രിംകോടതി. നിരവധി തൊഴിലാളികള്‍ അകപ്പെട്ട അപകടത്തില്‍ ഇരു സര്‍ക്കാരുകളുടെയും പ്രവര്‍ത്തനം നിരാശാജനകമാണ്. ഡിസംബര്‍ 13 ന് സംഭവിച്ച അപകടത്തിനു ശേഷം ഇത്രകാലം കൊണ്ട് ചെയ്ത രക്ഷാപ്രവര്‍ത്തനങ്ങളുടെ സറ്റാറ്റസ് റിപോര്‍ട്ട് ജനുവരി ഏഴിനു സമര്‍പിക്കണമെന്നും ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ സുപ്രിംകോടതി ബഞ്ച് ആവശ്യപ്പെട്ടു. അനധികൃതമായാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്നും അതിനാനാലാണ് രക്ഷപ്രവര്‍ത്തനം വൈകുന്നതെന്നുമുള്ള സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ വാദത്തെ കോടതി ശക്തമായി വിമര്‍ശിച്ചു. ഖനി അനധികൃതമാണോ അല്ലയോ എന്നതല്ല വിഷയം. തൊഴിലാളികളുടെ രക്ഷയാണ് പ്രധാനം. തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതില്‍ സത്യസന്ധമായ പരിശ്രമം ഉണ്ടായോ എന്നാണ് അറിയേണ്ടത്. രക്ഷാ പ്രവര്‍ത്തനങ്ങളുടെ വിശദ വിവരങ്ങളടങ്ങിയ സ്റ്റാറ്റ്‌സ് റിപോര്‍ട്ട് അടുത്ത തവണ കേസ് പരിഗണക്കുന്ന ജനുവരി 7 ന് സമര്‍പ്പിക്കണം- കോടതി നിര്‍ദേശിച്ചു. അപകടത്തില്‍പെട്ട തൊഴിലാളികള്‍ മരിച്ചിരിക്കാമെന്നും അവരുടെ കാര്യത്തില്‍ ഇനി പ്രതീക്ഷയില്ലെന്നും ആഴ്ചകള്‍ക്കു മുന്‍പ് ദുരന്തനിവാരണസേന പറഞ്ഞിരുന്നു. അപകടം നടന്ന ഖനിയിലെ വെള്ളം ഒഴിവാക്കാന്‍ മാത്രം ശക്തിയുള്ള പമ്പ് ഇല്ലെന്ന് രക്ഷപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. അപകടത്തിന്റെ 16ാം ദിവസമാണ് ആവശ്യമുള്ള പമ്പുകള്‍ സ്ഥലത്തെത്തിച്ചത്.