എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാര്‍ അഞ്ചുലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി
രണ്ടുവര്‍ഷം മുമ്പ് സുപ്രിംകോടതി വിധിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചില്ലെന്നുകാട്ടി നാലുകുട്ടികളുടെ അമ്മമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് സുപ്രധാനമായ തീര്‍പ്പുകല്‍പിച്ചിരിക്കുന്നത്. നിശ്ചിതസമയത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കോടതിയലക്ഷ്യനടപടികള്‍ നേരിടേണ്ടിവരുമെന്നും സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
രണ്ടുമാസത്തിനകം പണം നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടിവരും
ന്യൂഡല്‍ഹി: നിരോധിത കീടനാശിനിയായ എന്‍ഡോസള്‍ഫാന്റെ പ്രയോഗത്തിന് ഇരകളായവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ രണ്ടുമാസത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. രണ്ടുവര്‍ഷം മുമ്പ് സുപ്രിംകോടതി വിധിച്ച അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം ലഭിച്ചില്ലെന്നുകാട്ടി നാലുകുട്ടികളുടെ അമ്മമാര്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയിലാണ് സുപ്രധാനമായ തീര്‍പ്പുകല്‍പിച്ചിരിക്കുന്നത്. നിശ്ചിതസമയത്തിനുള്ളില്‍ നഷ്ടപരിഹാരം നല്‍കുന്നതില്‍ വീഴ്ചവരുത്തിയാല്‍ കോടതിയലക്ഷ്യനടപടികള്‍ നേരിടേണ്ടിവരുമെന്നും സുപ്രിംകോടതി സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
നഷ്ടപരിഹാരം ലഭിക്കാത്ത പക്ഷം ഇരകള്‍ക്ക് വീണ്ടും കോടതിയലക്ഷ്യഹരജിയുമായി സുപ്രിംകോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. എല്ലാ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കും രണ്ടുമാസത്തിനകം അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു 2017 ജനുവരി 10ന് സുപ്രിംകോടതിവിധി പുറപ്പെടുവിച്ചിരുന്നത്. എന്നാല്‍, രണ്ടരവര്‍ഷമായിട്ടും നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. തുടര്‍ന്നാണ് അഭിഭാഷകരായ കാളീശ്വരം രാജ്, എം എസ് സുവിദത്ത് എന്നിവര്‍ മുഖേന ഇരകളുടെ അമ്മമാര്‍ കോടതിയെ സമീപിച്ചത്.
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കുള്ള പെന്‍ഷനും ചികില്‍സാ ആനുകൂല്യങ്ങളും ലഭിക്കുന്നവര്‍ നഷ്ടപരിഹാരത്തിന് അര്‍ഹരല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. കോടതിയലക്ഷ്യ ഹരജി നല്‍കിയ ഇരകളായ നാലുപേര്‍ മറ്റ് വിഭാഗക്കാരാണ്. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നായിരുന്നു ചീഫ് സെക്രട്ടറി കെ എം എബ്രഹാം സുപ്രിംകോടതിയെ അറിയിച്ചിരുന്നത്. എന്നാല്‍, ഇരകളില്‍ ചിലരെ മറുവിഭാഗക്കാരായി അടര്‍ത്തിമാറ്റി നഷ്ടപരിഹാരം നിഷേധിക്കാനാവില്ലെന്നും സര്‍ക്കാരിന്റെ വാദത്തിന് ന്യായീകരണമില്ലെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഢ്, ഇന്ദിരാ ബാനര്‍ജി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവില്‍ വ്യക്തമാക്കി.