പരസ്യത്തിന്റെ അത്രയും വലിപ്പം 'മാപ്പിനും' ഉണ്ടായിരിക്കണം; പതഞ്ജലിയോട് സുപ്രിം കോടതി
ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ പതഞ്ജലി ആയുര്‍വേദ് മാപ്പ് പറഞ്ഞുകൊണ്ട് പത്രത്തില്‍ നല്‍കിയ ചെറിയ പരസ്യത്തില്‍ അതൃപ്തി അറിയിച്ച് സുപ്രിം കോടതി. തെറ്റിദ്ധരിപ്പിക്കുന്ന അവകാശങ്ങള്‍ ഉള്‍പ്പെട്ട പരസ്യത്തിന്റെ അത്രയും വലിപ്പം ഉള്ളതായിരിക്കണം മാപ്പ് പറഞ്ഞുകൊണ്ടുള്ള അറിയിപ്പെന്നും സുപ്രിം കോടതി വാക്കാല്‍ നിരീക്ഷിച്ചു.
കോടതിയലക്ഷ്യ കേസില്‍ മാപ്പ് പറഞ്ഞ് പത്രങ്ങളില്‍ പരസ്യം നല്‍കാന്‍ പതഞ്ജലിക്ക് സുപ്രിം കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലത്തെ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നതായി പതഞ്ജലിക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി കോടതിയെ അറിയിച്ചു. എന്നാല്‍ ഈ പരസ്യം കോടതിയില്‍ ഇന്ന് (ചൊവ്വാഴ്ച) മാത്രം ഫയല്‍ ചെയ്തതതിനാല്‍ തങ്ങളുടെ മുമ്പാകെ എത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
ഇതിനിടയിലാണ് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യത്തിന്റെ വലുപ്പം കോടതി ആരാഞ്ഞത്. ആദ്യം നല്‍കിയ പരസ്യത്തിന്റെ അത്രയും വലുപ്പത്തില്‍ മാപ്പ് നല്‍കിയാല്‍ ലക്ഷങ്ങള്‍ നല്‍കേണ്ടി വരുമെന്ന് റോത്തഗി കോടതി അറിയിച്ചു. എന്നാല്‍, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്ക് ലക്ഷങ്ങള്‍ നല്‍കാമെങ്കില്‍ എന്തുകൊണ്ട് മാപ്പ് പറഞ്ഞുകൊണ്ടുള്ള പരസ്യങ്ങള്‍ക്കും അത്രയും തുക ചെലവഴിച്ച് കൂടാ എന്ന് കോടതി ആരാഞ്ഞു.
തെറ്റായ പരസ്യങ്ങള്‍ക്കെതിരെയെടുക്കുന്ന ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് നിയമത്തിലെ ചട്ടം 170 അനുസരിച്ച് ഇനി നടപടി പാടില്ലെന്ന് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 29ന് ആയുഷ് മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ക്കെതിരെ നടപടി എടുക്കാവുന്ന ചട്ടം പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നതായും ആ കത്തില്‍ കേന്ദ്രസര്‍ക്കാര്‍ സൂചിപ്പിച്ചിരുന്നു. തെറ്റായ പരസ്യങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി പാര്‍ലമെന്റില്‍ പറഞ്ഞതിന് ശേഷം ഇത്തരം കത്തയച്ചത് എന്തിനെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.
പതഞ്ജലി ആയുര്‍വേദത്തിന് പുറമെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്ന മറ്റ് ബ്രാന്‍ഡുകള്‍ക്ക് എതിരെ സ്വീകരിച്ച നടപടി അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഇത്തരം ബ്രാന്‍ഡുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശിക്കുന്ന അലോപ്പതി ഡോക്ടര്‍മാര്‍ക്ക് എതിരെയും നടപടി ഉണ്ടാകണം എന്നും കോടതി നിരീക്ഷിച്ചു.