സഞ്ജയ് കുമാര്‍ മിശ്രയ്ക്ക് പുതിയ ചുമതല; മുന്‍ ഇഡി മേധാവി പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേഷ്ടാവായി മുന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മേധാവി സഞ്ജയ് കുമാര്‍ മിശ്ര. നേരത്തെ ഇഡി മേധാവിയായി തുടരുന്നതിനിടെ പലതവണ കേന്ദ്ര സര്‍ക്കാര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇക്കണോമിക് അഡൈ്വസറി കൗണ്‍സില്‍ ടു ദി പ്രൈം മിനിസ്റ്ററിലേക്ക് നിയമനം.
കൗണ്‍സിലിന്റെ മുന്‍ ചെയര്‍മാന്‍ ബിബേക് ഡെബ്റോയിയുടെ മരണത്തിന് പിന്നാലെയാണ് സഞ്ജയ് കുമാര്‍ മിശ്ര നിയമിതനായത്. ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ബുധനാഴ്ചയാണ് പുറത്തുവന്നത്. കൗണ്‍സിലിന്റെ സെക്രട്ടറി തലത്തിലാണ് സഞ്ജയ് കുമാര്‍ മിശ്രയുടെ നിയമനം.
2018ല്‍ ആണ് മിശ്ര ഇഡി മേധാവിയായി ചുമതലയേല്‍ക്കുന്നത്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള 1984ലെ ഇന്ത്യന്‍ റെവന്യു സര്‍വീസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് സഞ്ജയ് കുമാര്‍ മിശ്ര. നിയമിതനായ ശേഷം പലവട്ടം കേന്ദ്രസര്‍ക്കാര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ സര്‍വീസ് കാലാവധി നീട്ടിനല്‍കി. മൂന്നാം തവണയും കാലാവധി നീട്ടിക്കൊടുത്തത് നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.