വീണ്ടും കൊവിഡ് വ്യാപനം; തമിഴ്‌നാട്ടില്‍ ആഗസ്ത് എട്ട് വരെ ലോക്ക് ഡൗണ്‍ നീട്ടി
ചെന്നൈ: കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതിനെത്തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി. നിലവിലെ ഇളവുകള്‍ക്ക് പുറമെ പുതുതായി യാതൊരു ഇളവുകളും പ്രഖ്യാപിക്കാതെയാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ആഗസ്ത് എട്ടുവരെ ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് നിലവിലെ ലോക്ക് ഡൗണ്‍ തുടരാന്‍ തീരുമാനമായത്. പകര്‍ച്ചവ്യാധിയുടെ മൂന്നാം തരംഗം ഒഴിവാക്കാന്‍ അത്യാവശ്യമല്ലെങ്കില്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി ജനങ്ങളോട് അഭ്യര്‍ഥിച്ചു.
കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ മുഖ്യമന്ത്രി പ്രാദേശിക അധികാരികള്‍ക്കും പോലിസിനും നിര്‍ദേശം നല്‍കി. ഒരിടവേളയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ കൊവിഡ് കേസുകള്‍ വീണ്ടും വര്‍ധിക്കുന്നതിനാലാണ് പുതിയ ഇളവുകള്‍ വേണ്ടെന്ന തീരുമാനം സര്‍ക്കാര്‍ സ്വീകരിച്ചത്. സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും തീരുമാനമായില്ല. സിനിമാ തിയറ്ററുകളും ബാറുകള്‍, നീന്തല്‍ക്കുളങ്ങള്‍, മൃഗശാലകള്‍ എന്നിവ തുറക്കില്ല. രാഷ്ട്രീയ യോഗങ്ങളും സാംസ്‌കാരിക പരിപാടികളും നിരോധിച്ചിരിക്കുകയാണ്. 68 ദിവസങ്ങള്‍ക്ക് ശേഷമാണ് തമിഴ്‌നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തിയത്.
ചെന്നൈയിലും കോയമ്പത്തൂരിലും തുടര്‍ച്ചയായ മൂന്നാം ദിവസവും കേസുകളുടെ വര്‍ധനവുണ്ടായി. ആള്‍ക്കൂട്ടം ഒത്തുകൂടുകയാണെങ്കില്‍ കലക്ടര്‍മാര്‍ക്കും കമ്മീഷണര്‍മാര്‍ക്കും നിര്‍ദിഷ്ട പ്രദേശങ്ങളില്‍ ലോക്ക് ഡൗണ്‍ നടപ്പാക്കാന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ അനുവദിച്ചിട്ടുള്ളതിനേക്കാള്‍ കൂടുതല്‍ ഉപഭോക്താക്കളെ അനുവദിക്കുന്ന വാണിജ്യ, മറ്റ് സ്ഥാപനങ്ങള്‍ക്കെതിരേ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജൂലൈ 16ന് സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച് ലോക്ക് ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയിരുന്നു.
സംസ്ഥാനത്തെ സ്‌കൂളുകളും കോളജുകളും അടച്ചിടുന്നുണ്ടെങ്കിലും ഇന്‍ഡസ്ട്രിയല്‍ ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടുകളും ടൈപ്പ് റൈറ്റിങ് സ്‌കൂളുകളും പരമാവധി ശേഷിയുടെ 50 ശതമാനം പേരെ ഉള്‍കൊള്ളിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ തമിഴ്‌നാട്ടില്‍ ഇന്നലെ 1,859 പുതിയ കൊവിഡ് കേസുകളും 28 മരണങ്ങളും റിപോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് സജീവമായ കേസുകളുടെ എണ്ണം നിലവില്‍ 21,207 ആണ്. കഴിഞ്ഞ 10 ദിവസമായി സംസ്ഥാനത്തെ പ്രതിദിന കേസുകളുടെ എണ്ണം 2,000 ന് താഴെയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം തമിഴ്‌നാട്ടില്‍ ഇതുവരെ 2.23 കോടി ഡോസ് വൈറസ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 40 ലക്ഷത്തിലധികം ആളുകള്‍ക്ക് രണ്ട് ഡോസ് വാക്‌സിനുകളും ലഭിച്ചിട്ടുണ്ട്.