നഗരമധ്യത്തില്‍ കോടികളുടെ ജ്വല്ലറി കവര്‍ച്ച; അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍

കോയമ്പത്തൂരില്‍ നിന്നാണ് തമിഴ്‌നാടിനെ ഞെട്ടിച്ച കവര്‍ച്ചകേസിലെ പ്രതികളെ പോലിസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരുകയാണ്.

Update: 2019-10-03 04:58 GMT

ചെന്നൈ: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ഭിത്തിതുരന്ന് ജ്വല്ലറിയില്‍ കവര്‍ച്ച നടത്തിയ കേസില്‍ അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് തമിഴ്‌നാടിനെ ഞെട്ടിച്ച കവര്‍ച്ചകേസിലെ പ്രതികളെ പോലിസ് പിടികൂടിയത്. കസ്റ്റഡിയിലെടുത്ത പ്രതികളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത് വരുകയാണ്. മോഷണത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്നാണ് പൊലിസിന്റെ നിഗമനം. പ്രതികളെ തിരുച്ചിറപ്പള്ളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയിലാണ് കവര്‍ച്ച നടന്നത്. 35 കിലോ സ്വര്‍ണ്ണവും വജ്രാഭരണങ്ങളും ഉള്‍പ്പെടെ കോടികള്‍ വിലവരുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ ജനുവരിയില്‍ ജ്വല്ലറിയ്ക്ക് സമീപമുള്ള പഞ്ചാബ് നാഷനല്‍ ബാങ്കിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഭിത്തിതുരന്ന് ബാങ്കിനകത്ത് കയറിയ മോഷ്ടാക്കള്‍ ലോക്കറുകള്‍ തകര്‍ത്ത് 17 ലക്ഷം രൂപയും 40 പവന്‍ സ്വര്‍ണവും കവര്‍ന്നിരുന്നു. ഈ മോഷണവുമായി പിടിയിലായവര്‍ക്ക് പങ്കുണ്ടോയെന്നും പോലിസ് പരിശോധിച്ചവരുകയാണ്.



 ബുധനാഴ്ച പുലര്‍ച്ചെയാണ് നാടിനെ ഞെട്ടിച്ച കവര്‍ച്ച നടന്നത്. ചെന്നൈ ട്രിച്ചി ദേശീയപാതയ്ക്ക് സമീപം തിരുച്ചിറപ്പിള്ളി നഗരമധ്യത്തിലെ ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ലളിതാ ജ്വല്ലറി സ്ഥിതി ചെയ്യുന്നത്. ജ്വല്ലറിയുടെ പിന്‍വശത്തെ ഭിത്തിതുരന്നാണ് മോഷ്ടാക്കള്‍ ജ്വല്ലറിക്കകത്ത് കയറിയത്. മുന്‍വശത്ത് അഞ്ച് സുരക്ഷാ ജീവനക്കാര്‍ കാവല്‍നില്‍ക്കവേയായിരുന്നു കവര്‍ച്ച. ജ്വല്ലറിയുടെ ഒന്നാം നിലയില്‍ പ്രവേശിച്ച മോഷ്ടാക്കള്‍ സ്‌റ്റോര്‍ റൂമിലെ അഞ്ച് ലോക്കറുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.

രാവിലെ ഒന്‍പത് മണിയോടെ ജീവനക്കാര്‍ കട തുറന്നപ്പോഴാണ് കവര്‍ച്ചാ വിവരം പുറംലോകം അറിയുന്നത്. മുഖംമൂടി ധരിച്ചാണ് സംഘം അകത്തുപ്രവേശിച്ചത്. പോലിസ് നായ മണംപിടിക്കാതിരിക്കാന്‍ ജ്വല്ലറിയിലാകെ മുളകുപൊടി വിതറിയാണ് മോഷ്ടാക്കള്‍ സ്ഥലം വിട്ടിരുന്നത്. വിരലടയാളം ഒഴിവാക്കാന്‍ കൈയുറകളും ധരിച്ചിരുന്നു. മോഷ്ടാക്കള്‍ ഉപയോഗിച്ചതെന്ന് കരുതുന്ന ഇരുമ്പ് ദണ്ഡ് ജ്വല്ലറിയുടെ പുറക് വശത്തുള്ള സ്‌കൂളിന് സമീപത്ത് നിന്ന് പൊലിസ് കണ്ടെടുത്തിട്ടുണ്ട്.

വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. മോഷണ രീതി കണക്കിലെടുത്ത് ഉത്തരേന്ത്യന്‍ സംഘമാണോ കവര്‍ച്ചയ്ക്ക് പിന്നിലെന്ന് പൊലിസ് ആദ്യമേ സംശയിച്ചിരുന്നു. രാജസ്ഥാനിലെ ബാഗ്രി സമുദായത്തില്‍പ്പെട്ടവര്‍ കഴിഞ്ഞ ആഴ്ച ചെന്നൈയില്‍ സമാനരീതില്‍ നാല് വീടുകള്‍ കുത്തിതുറന്ന് മോഷണം നടത്തിയിരുന്നു. സംഘങ്ങളായി തിരിഞ്ഞ് പുലര്‍ച്ചെ കവര്‍ച്ച നടത്തിയ ശേഷം ഉടന്‍ ട്രെയിനില്‍ ഗ്രാമത്തിലേക്ക് കടക്കുന്നതാണ് ഇവരുടെ രീതിയെന്നും പൊലിസ് പറഞ്ഞു 

Tags:    

Similar News