മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭയില്‍
ലോക്‌സഭ കഴിഞ്ഞ വ്യാഴാഴ്ച ബില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. രാജ്യസഭയില്‍ മുമ്പ് രണ്ടുതവണ ബില്‍ പാസാക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു.
ന്യൂഡല്‍ഹി: മുത്തലാഖ് നിരോധന ബില്‍ ഇന്ന് രാജ്യസഭ പരിഗണിക്കും. ലോക്‌സഭ കഴിഞ്ഞ വ്യാഴാഴ്ച ബില്‍ പാസാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് ബില്‍ പാസാക്കിയത്. രാജ്യസഭയില്‍ മുമ്പ് രണ്ടുതവണ ബില്‍ പാസാക്കാനുള്ള നീക്കം പ്രതിപക്ഷം പരാജയപ്പെടുത്തിയിരുന്നു. എന്‍ഡിഎ സഖ്യകക്ഷിയായ ജനതാദള്‍ യുനൈറ്റഡ് ബില്ലിനെ എതിര്‍ക്കുകയാണ്. എന്നാല്‍, ബിജു ജനതാദള്‍ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ബില്‍ അജണ്ടയില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ന് രാവിലെ ചേരുന്ന യോഗത്തിന് ശേഷമാവും ഇക്കാര്യത്തില്‍ പ്രതിപക്ഷം നിലപാട് വ്യക്തമാക്കുക. മൂന്ന് ത്വലാഖും ഒറ്റയടിക്ക് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നുവര്‍ഷം തടവുശിക്ഷ ലഭിക്കുമെന്നതാണ് ബില്ലിലെ വ്യവസ്ഥ. 82 നെതിരേ 303 പേരുടെ വോട്ടോടെയായിരുന്നു ബില്‍ ലോക്‌സഭ പാസാക്കിയത്. എട്ടുപേര്‍ മാത്രമാണ് എതിര്‍ത്തത്. കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് ബില്ല് ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ഒന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് മുത്തലാഖ് ബില്ല് രാജ്യസഭയില്‍ പാസാവാത്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കുകയായിരുന്നു.