ഉന്നാവോയിലെ ദലിത് പെണ്‍കുട്ടികളുടെ കൊലപാതകം: പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇയാള്‍ക്ക് 18 വയസ് കഴിഞ്ഞുവെന്നും അന്വേഷണസംഘം കണ്ടെത്തി. ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍നിന്നാണ് ഇയാള്‍ കൗമാരക്കാരനല്ലെന്ന് വ്യക്തമായതെന്ന് എഎസ്പി വി കെ പാണ്ഡെ അറിയിച്ചു.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് ദലിത് പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. രണ്ടുപേരെയാണ് 14 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും ഇയാള്‍ക്ക് 18 വയസ് കഴിഞ്ഞുവെന്നും അന്വേഷണസംഘം കണ്ടെത്തി. ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍നിന്നാണ് ഇയാള്‍ കൗമാരക്കാരനല്ലെന്ന് വ്യക്തമായതെന്ന് എഎസ്പി വി കെ പാണ്ഡെ അറിയിച്ചു. പ്രതികളില്‍ ഒരാള്‍ ലംബു എന്ന് വിളിക്കുന്ന വിനയ്കുമാര്‍ ആണ്. ബുധനാഴ്ച വൈകീട്ടാണ് പുല്ലുപറിക്കാന്‍ പോയ 14,15, 16 വയസ് പ്രായമുള്ള മൂന്ന് പെണ്‍കുട്ടികളെ കാണാതായത്.
ഗ്രാമവാസികള്‍ നടത്തിയ പരിശോധനയില്‍ അസോഹ ജില്ലയിലെ ബാബുഹര ഗ്രാമത്തിലുള്ള ഗോതമ്പുപാടത്ത് കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെയും പോലിസ് സഹായത്തോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രണ്ടുകുട്ടികള്‍ വഴിമധ്യേ മരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലിസ് രണ്ടുപേരെ പിടികൂടിയത്. ആദ്യം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നാമത്തെ പെണ്‍കുട്ടിയെ ഇപ്പോള്‍ കാണ്‍പൂര്‍ ആരോഗ്യപരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
മൂന്ന് പെണ്‍കുട്ടികള്‍ക്കും പ്രതികള്‍ വെള്ളത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയെന്ന് ലഖ്‌നോ റേഞ്ച് ഐജി ലക്ഷ്മി സിങ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ശന സുരക്ഷാക്രമീകരണങ്ങള്‍ക്കിടയിലാണ് പെണ്‍കുട്ടികളുടെ അന്ത്യകര്‍മങ്ങള്‍ വെള്ളിയാഴ്ച രാവിലെ നടത്തിയത്. സമാജ്‌വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവിന്റെ നിര്‍ദേശപ്രകാരം ഏഴ് അംഗ പ്രതിനിധി സംഘം ഇരകളുടെ കുടുംബത്തെ സന്ദര്‍ശിച്ച് കേസിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഞങ്ങള്‍ അവരോടൊപ്പമുണ്ടെന്ന് ഉറപ്പുനല്‍കിയിട്ടുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്നും ഇരകളുടെ കുടുംബത്തെ സന്ദര്‍ശിച്ച മുന്‍ എംപി അന്നു ടാന്‍ഡന്‍ പ്രതികരിച്ചു.