കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തെലങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
ഹൈദരാബാദ്: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് സമരം ചെയ്തതിന് അറസ്റ്റിലായ തെലങ്കാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിന്ദി സഞ്ജയ് കുമാര്‍ എംപിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. എംപിയെയും അറസ്റ്റ് ചെയ്ത മറ്റുള്ളവരെയും കൊവിഡ് പരിശോധനകള്‍ക്കും മറ്റ് മെഡിക്കല്‍ പരിശോധനകള്‍ക്കും ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് കരിംനഗര്‍ പോലിസ് കമ്മീഷണര്‍ സത്യനാരായണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഞായറാഴ്ച രാത്രി പാര്‍ട്ടിയുടെ കരിംനഗറിലെ ക്യാംപ് ഓഫിസില്‍നിന്നാണ് ബിജെപി അധ്യക്ഷനെ അറസ്റ്റുചെയ്തത്.
തൊഴില്‍ വിഭജനത്തില്‍ സോണല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് ഞായറാഴ്ച രാത്രി 9 മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുവരെ ബന്ദി കുമാര്‍ തന്റെ ഓഫിസില്‍ പ്രതിഷേധം ആസൂത്രണം ചെയ്തിരുന്നു. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട താല്‍പര്യങ്ങളെ വ്രണപ്പെടുത്തുന്നതാണ് സര്‍ക്കാര്‍ ഉത്തരവെന്ന് ആരോപിച്ചായിരുന്നു സമരം. എന്നാല്‍, പ്രതിഷേധം ആരംഭിക്കുന്നതിന് മുമ്പ് സഞ്ജയ് കുമാറിനെയും ഓഫിസില്‍ തടിച്ചുകൂടിയ മറ്റ് ബിജെപി പ്രവര്‍ത്തകരെയും പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു.
പ്രതിഷേധം നടത്താന്‍ ഔദ്യോഗിക അനുമതി വാങ്ങിയിട്ടില്ലെന്നും കൊവിഡ് വ്യാപനം തടയാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒത്തുകൂടിയതെന്നും പോലിസ് പറഞ്ഞു. രാത്രി മണകൊണ്ടൂര്‍ പോലിസ് സ്‌റ്റേഷനില്‍ പാര്‍പ്പിച്ച എംപിയെ തിങ്കളാഴ്ച കരിംനഗര്‍ ടൗണിലെ പോലിസ് ട്രെയ്‌നിങ് ക്യാംപിലേക്ക് മാറ്റി. സഞ്ജയ് കുമാറിന്റെ അറസ്റ്റോടെ തെലങ്കാന രാഷ്ട്രീയം കലുഷിതമായിരിക്കുകയാണ്. അറസ്റ്റില്‍ പ്രതിഷേധിച്ച് നിരവധി ബിജെപി പ്രവര്‍ത്തകര്‍ പോലിസ് ട്രെയിനിങ് സെന്ററില്‍ തടിച്ചുകൂടിയതോടെ സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും കരിംനഗര്‍ പോലിസ് കമ്മീഷണര്‍ക്കുമെതിരേ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു.
പ്രതിഷേധക്കാര്‍ പോലിസുകാരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെടുകയും തുടര്‍ന്ന് പോലിസ് അവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ടൗണ്‍ പോലിസ് സ്‌റ്റേഷനില്‍ രണ്ട് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സത്യനാരായണ പറഞ്ഞു. ഒരു കേസില്‍ സാമൂഹിക അകലം പാലിക്കാത്തതിനും മാസ്‌ക് ധരിക്കാത്തതിനും 21 പേര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരേ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് സെക്ഷന്‍ 51 (ബി), ഇന്ത്യന്‍ പീനല്‍ കോഡിന്റെ (ഐപിസി) സെക്ഷന്‍ 188 പ്രകാരവും കേസെടുത്തു.
70 ഓളം പേരെ അറസ്റ്റ് ചെയ്തതായും അവര്‍ക്ക് നോട്ടീസ് നല്‍കിയ ശേഷം വിട്ടയച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറ്റൊരു കേസില്‍ 16 പേര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ ഡിഎം നിയമം ലംഘിച്ചതിന് പുറമെ കലാപത്തിനും പോലിസുകാരെ ആക്രമിച്ചതിനും കേസെടുത്തു. സഞ്ജയ് ഉള്‍പ്പെടെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു അസിസ്റ്റന്റ് പോലിസ് കമ്മീഷണറും ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും ഉള്‍പ്പെടെ നിരവധി പോലിസുകാര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി പോലിസ് മേധാവി പറഞ്ഞു.
പ്രാബല്യത്തിലുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥനകള്‍ക്കിടയിലും എംപി ഉള്‍പ്പെടെയുള്ളവര്‍ ചട്ടങ്ങള്‍ ലംഘിച്ച് അവരുടെ പരിപാടിയുമായി മുന്നോട്ടുപോവുകയും പിന്നീട് കലാപത്തിലേക്ക് നീങ്ങുകയും ഡ്യൂട്ടി നിര്‍വഹിക്കുന്ന പോലിസുകാരെ ആക്രമിക്കുകയും ചെയ്തു. യോഗങ്ങളും റാലികളും മറ്റ് പൊതുയോഗങ്ങളും നിരോധിച്ചുകൊണ്ട് പ്രാബല്യത്തിലുള്ള ഉത്തരവ് ചൂണ്ടിക്കാട്ടി കരിംനഗര്‍ എംപിയുടെ പ്രതിഷേധത്തിന് പോലിസ് അനുമതി നിഷേധിച്ചിരുന്നു. 10 മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിന് പാര്‍ട്ടി എംപിയുടെ ഓഫിസിന് പുറത്ത് വേദി ഒരുക്കിയിരുന്നു.