അര്‍ധരാത്രി ഹോട്ടല്‍ റെയ്ഡിനിടെ വ്യവസായി മരിച്ചു; യുപിയില്‍ ആറ് പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായത്. മനീഷ് ഹോട്ടല്‍ മുറിയില്‍ വീണ് മരിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റേത് ഒരു അപകടമരണമാണെന്നുമാണ് പോലിസിന്റെ വാദം.

Update: 2021-09-29 06:20 GMT

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍ ഒരു ഹോട്ടലില്‍ അര്‍ധരാത്രി പോലിസ് നടത്തിയ റെയ്ഡിനിടെ വ്യവസായി മരിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ മനീഷ് കുമാര്‍ ഗുപ്തയാണ് മരിച്ചത്. ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ചുകയറിയ പോലിസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് പരാതിപ്പെട്ട് കുടുംബം രംഗത്തുവന്നതിനെത്തുടര്‍ന്ന് ആറ് പോലിസ് ഉദ്യോഗസ്ഥരെ യുപി സര്‍ക്കാര്‍ സസ്‌പെന്റ് ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗോരഖ്പൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയാണ് സംഭവമുണ്ടായത്. മനീഷ് ഹോട്ടല്‍ മുറിയില്‍ വീണ് മരിക്കുകയായിരുന്നുവെന്നും അദ്ദേഹത്തിന്റേത് ഒരു അപകടമരണമാണെന്നുമാണ് പോലിസിന്റെ വാദം.

റെയ്ഡിനായി പോലിസ് ഹോട്ടല്‍ മുറിയിലെത്തിയപ്പോള്‍ മനീഷിനെ കൂടാതെ മറ്റു രണ്ടുപേര്‍ കൂടി മുറിയിലുണ്ടായിരുന്നു. തങ്ങള്‍ ബിസിനസ് പങ്കാളികളാണെന്നും ഗോരഖ്പൂരില്‍ ഒരു സുഹൃത്തിനെ കാണാനെത്തിയതായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. 'അര്‍ധരാത്രി 12.30ന് ഉറങ്ങുന്നതിനിടെ ഡോര്‍ ബെല്‍ കേട്ടാണ് ഉണര്‍ന്നത്. വാതില്‍ തുറന്നപ്പോള്‍ ഏഴോളം പോലിസുകാരെയും റിസപ്ഷനിലുണ്ടായിരുന്ന ആളെയുമാണ് കണ്ടത്. പോലിസുകാര്‍ മുറിയില്‍ കയറി ഞങ്ങളോട് തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ചു. ഇത് കാണിച്ചു. ഈ രാത്രി സമയത്ത് എന്തിന് ശല്യമുണ്ടാക്കുന്നുവെന്ന് മനീഷ് ചോദിച്ചതോടെ പോലിസ് ഞങ്ങളെ ഭീഷണിപ്പെടുത്തി. അവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു.

ഒരു പോലിസുകാരന്‍ എന്നെ അടിച്ചു. ചില പോലിസുകാരുടെ കൈയില്‍ തോക്കുകളുണ്ടായിരുന്നു. പോലിസുകാര്‍ എന്നെ പുറത്തേക്ക് കൊണ്ടുപോയി. അല്‍പ്പസമയത്തിനുശേഷം മനീഷിനെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവരുന്നതാണ് കണ്ടത്. മുഖത്താകെ രക്തമുണ്ടായിരുന്നു' മനീഷ് ഗുപ്തയ്‌ക്കൊപ്പം മുറിയിലുണ്ടായിരുന്ന ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശി ഹര്‍വീര്‍ സിങ് പറഞ്ഞു. ഹോട്ടലില്‍ 'സംശയാസ്പദമായ' സാഹചര്യത്തില്‍ ചിലര്‍ താമസിക്കുന്നതായി വിവരം ലഭിച്ചിരുന്നതായി ഗോരഖ്പൂര്‍ പോലിസ് അവകാശപ്പെടുന്നു. ഇവിടെയുണ്ടായിരുന്നവര്‍ വിവിധ നഗരങ്ങളില്‍നിന്നുള്ളവരായിരുന്നു. പോലിസ് സംഘം ഇത് സംശയാസ്പദമാണെന്ന് കണ്ടെത്തി.

അതിനാല്‍, അവര്‍ ഹോട്ടല്‍ മാനേജര്‍ക്കൊപ്പം മുറിയിലേക്ക് കയറി. ഒരാള്‍ നിര്‍ഭാഗ്യവശാല്‍ മുറിയില്‍ ഒരു അപകടത്തില്‍ മരിച്ചു. ഞങ്ങളുടെ സംഘം ഉടന്‍ അദ്ദേഹത്തെ ഒരു ആശുപത്രിയിലാക്കി- ഗോരഖ്പൂരിലെ പോലിസ് മേധാവി വിപിന്‍ ടാഡ പ്രസ്താവനയില്‍ പറഞ്ഞു. പോലിസിന്റെ വിശദീകരണം തനിക്ക് ബോധ്യപ്പെട്ടില്ലെന്ന് ഇരയുടെ ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. മരിക്കുന്നതിന് 10 മിനിറ്റ് മുമ്പ് മനീഷ് തന്നോട് സംസാരിക്കുകയായിരുന്നു. എന്നിട്ട് അയാള്‍ പോലിസുകാര്‍ ഇവിടെയുണ്ടെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. പോലിസ് ശല്യപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും പോലിസ് സ്‌റ്റേഷനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് പറഞ്ഞ് അയാള്‍ പിന്നീട് മറ്റൊരു ബന്ധുവിനെയും വിളിച്ചിരുന്നു. അദ്ദേഹം എങ്ങനെ മരിച്ചു എന്നതിന് എനിക്ക് ഉത്തരം വേണം- ഭാര്യ മീനാക്ഷി ഗുപ്ത പറഞ്ഞു.

Tags:    

Similar News