യുവാവുമായി പ്രണയം; യുപിയില്‍ മകളുടെ അറുത്തെടുത്ത തലയുമായി റോഡിലൂടെ പിതാവ്
വീട്ടില്‍ ആളില്ലാത്ത നേരത്ത് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് തലവെട്ടുകയായിരുന്നുവെന്നും സര്‍വേഷ് വീഡിയോയില്‍ പറയുന്നുണ്ട്. മറ്റാരുമല്ല, ഞാന്‍ തന്നെയാണ് അത് ചെയ്തത്. മൃതദേഹം മുറിയിലുണ്ട്. സര്‍വേഷ് പറഞ്ഞു. തുടര്‍ന്ന് പോലിസുകാര്‍ സര്‍വേഷിനെ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ മകളെ തലയറുത്തുകൊന്ന് പിതാവ്. മകളെ കൊലപ്പെടുത്തിയശേഷം അറുത്തെടുത്ത തലയുമായി പിതാവ് റോഡിലൂടെ സഞ്ചരിക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ഹര്‍ദോയ് ജില്ലയില്‍ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. ഒരു പുരുഷനുമായുള്ള 17കാരിയായ മകളുടെ പ്രണയബന്ധത്തിലുള്ള നീരസമാണ് പിതാവിനെ ഇത്തരമൊരു ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. ലഖ്‌നോവില്‍നിന്ന് 200 കിലോ മീറ്റര്‍ അകലെ പണ്ഡേതര ഗ്രാമത്തിലെ സര്‍വേഷ് കുമാര്‍ എന്നയാള്‍ മകളുടെ തലയുമായി റോഡിലൂടെ നടക്കുന്നത് കണ്ടവര്‍ പോലിസില്‍ വിവരമറിയിക്കുകയായിരുന്നു.
ഉടന്‍തന്നെ രണ്ട് പോലിസുകാര്‍ സ്ഥലത്തെത്തി. പോലിസ് എത്തിയതോടെ ഒരു മടിയുമില്ലാതെ ഇയാള്‍ കുറ്റം സമ്മതിച്ചു. മറ്റൊരു പോലിസുദ്യോഗസ്ഥന്‍ ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. മകളുടെ പ്രണയബന്ധത്തിലുള്ള നീരസമാണ് കുറ്റംചെയ്യാന്‍ പ്രേരിപ്പിച്ചതെന്ന് സര്‍വേഷ് പോലിസിനോട് പറഞ്ഞു. വീട്ടില്‍ ആളില്ലാത്ത നേരത്ത് മൂര്‍ച്ചയുള്ള ആയുധംകൊണ്ട് തലവെട്ടുകയായിരുന്നുവെന്നും സര്‍വേഷ് വീഡിയോയില്‍ പറയുന്നുണ്ട്. മറ്റാരുമല്ല, ഞാന്‍ തന്നെയാണ് അത് ചെയ്തത്. മൃതദേഹം മുറിയിലുണ്ട്. സര്‍വേഷ് പറഞ്ഞു. തുടര്‍ന്ന് പോലിസുകാര്‍ സര്‍വേഷിനെ പോലിസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
സര്‍വേഷ് എന്നയാള്‍ മകളുടെ തലയുമായി റോഡിലൂടെ പോവുന്ന വിവരം ലഭിച്ചു. ഉടന്‍തന്നെ ഞങ്ങള്‍ സ്ഥലത്തെത്തി അയാളെ കസ്റ്റഡിയിലെടുത്തു. അറുത്തെടുത്ത തലയുമായി പോവുന്നതിന്റെ ചിത്രമെടുത്ത പോലിസുദ്യോഗസ്ഥന്റെ നടപടി അനുചിതമാണ്. ഇത് ഗൗരവമായാണ് കാണുന്നത്. ഇദ്ദേഹത്തെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ഹര്‍ദോയിയിലെ പോലിസ് ഉദ്യോഗസ്ഥനായ കപില്‍ ദിയോ സിങ് വ്യക്തമാക്കി. ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ കുറെ കാലങ്ങളായി സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുവരികയാണ്.
2019 ല്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉത്തര്‍പ്രദേശാണ് ഒന്നാമതെന്ന് നാഷനല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോ കഴിഞ്ഞ സപ്തംബറില്‍ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. പോക്‌സോ നിയമപ്രകാരം 7,444 കേസുകളാണ് യുപിയില്‍ ഇക്കാലയളവില്‍ ചുമത്തിയിരിക്കുന്നത്. മഹാരാഷ്ട്ര (6,402), മധ്യപ്രദേശ് (6,053) എന്നിങ്ങനെയാണ് കേസുകളുടെ എണ്ണം. 2020, 2021 വര്‍ഷങ്ങളിലും നാടിനെ നടുക്കിയ നിരവധി കൂട്ടബലാല്‍സംഗങ്ങളും ബലാല്‍സംഗക്കൊലകളും യുപിയില്‍ അരങ്ങേറിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.