യുപിയില്‍ പോലിസിനും പ്രിയം പശുക്കളോട്
തെരുവു പശുക്കളുടെ ഉപദ്രവം മൂലം വഴിയാത്രക്കാരും കച്ചവടക്കാരും പരാതി പറയുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നുവെങ്കിലും സംസ്ഥാനത്ത് ശക്തിയാര്‍ജിക്കുന്ന ഗോരക്ഷകരെ സംതൃപ്തിപ്പെടുത്തുകയാണ് പോലിസ് ഉദ്ദേശം.
അലിഗഡ്: പശുവിന്റെ പേരില്‍ സഹപ്രവര്‍ത്തകന്‍ കൊല്ലപ്പെടുമ്പോഴും തങ്ങളുടെ പശുസ്‌നേഹം വ്യക്തമാക്കി യുപി പോലിസ്. ജനുവരി ഒന്നു മുതല്‍ തെരുവില്‍ അലയുന്ന പശുക്കളെ ദത്തെടുക്കാനൊരുങ്ങുകയാണ് പോലിസ്. തെരുവു പശുക്കളുടെ ഉപദ്രവം മൂലം വഴിയാത്രക്കാരും കച്ചവടക്കാരും പരാതി പറയുന്നത് വര്‍ധിച്ച സാഹചര്യത്തിലാണ് നടപടിയെന്ന് പോലിസ് ഉദ്യോഗസ്ഥര്‍ പറയുന്നുവെങ്കിലും സംസ്ഥാനത്ത് ശക്തിയാര്‍ജിക്കുന്ന ഗോരക്ഷകരെ സംതൃപ്തിപ്പെടുത്തുകയാണ് പോലിസ് ഉദ്ദേശം. ആദ്യഘട്ടത്തില്‍ 41 പോലിസുകാരാണ് ഉടമസ്ഥരില്ലാതെ തെരുവിലലയുന്ന പശുക്കളെ ദത്തെടുക്കുന്നത്. പ്രത്യുല്‍പാദന ശേഷിയില്ലാത്തതും ആരോഗ്യപ്രശ്‌നങ്ങളുള്ളതുമായ പശുക്കളെയാണ് പോലുസുകാര്‍ ദത്തെടുക്കുന്നത്.
കര്‍ഷകര്‍ തെരുവിലുപേക്ഷിച്ച ഇത്തരം പശുക്കളുടെ ഉപദ്രവം മൂലം നിരവധി കച്ചവടക്കാരും യാത്രക്കാരുമാണ് നിരന്തരം പരാതിയുമായി പോലിസിനെ സമീപിക്കുന്നത്. ഇത്തരം പശുക്കളെ സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും കെട്ടിയിട്ട് പ്രതിഷേധിച്ച കച്ചവടക്കാരും ഗോരക്ഷകരും തമ്മില്‍ സംഘര്‍ഷങ്ങളുമുണ്ടായിരുന്നു. ഇതോടെയാണ് ഗോരക്ഷകരെ സമാധാനിപ്പിക്കാനായി പോലിസ് പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. തെരുവു പശുക്കളെ കര്‍ഷകര്‍ ഏറ്റെടുക്കാത്തതും സര്‍ക്കാരിന്റെ കീഴിലുള്ള ഗോശാലകളില്‍ താമസിപ്പിക്കാനാവത്തതും മുലമാണ് പുതിയ പദ്ധതിയുമായി പോലിസ് രംഗത്തെത്തിയതെന്ന് പോലിസ് സൂപ്രണ്ട് എകെ സാഹ്നി പറഞ്ഞു.
താനേറ്റെടുക്കുന്ന പശുവിനെ ആജീവനാന്തം ദത്തെടുക്കാനാണ് തീരുമാനമെന്നും എന്നാല്‍ മറ്റുള്ളവര്‍ പശുക്കളുടെ പുനരധിവാസം ഉറപ്പാക്കുന്നതുവരെയാണ് ദത്തെടുക്കുന്നതെന്നും സാഹ്നി വ്യക്തമാക്കി. എകെ സാഹ്നിക്കു പുറമെ നാലു അഡീഷനല്‍ സുപ്രണ്ടുമാരും ഒമ്പത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരും മറ്റു 27 ഉദ്യോഗസ്ഥരുമാണ് ആദ്യഘട്ടത്തില്‍ പശുക്കളെ ദത്തെടുക്കുന്നത്. തന്റെ വീട്ടില്‍ പശുവിനെ താമസിപ്പിക്കാനുള്ള സ്ഥലമില്ലെന്നും അതിനാല്‍ ഒരു പശുവിനെ പരിചരിക്കാനുള്ള ചിലവ് വഹിക്കാനാണ് തന്റെ തീരുമാനമെന്നും സിറ്റി പോലിസ് സൂപ്രണ്ട് അശുതോഷ് ദ്വിവേദി പറഞ്ഞു.