ബുലന്ദ് ശഹര്‍ കലാപം: യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍
കലാപത്തിനിടെ പോലിസ് ഇന്‍സ്‌പെക്ടറെ വെടിവച്ചു കൊന്ന കേസില്‍ യുവമോര്‍ച്ചാ നേതാവ് അറസ്റ്റില്‍. യുവമോര്‍ച്ചാ നേതാവ് ശിഖര്‍ അഗര്‍ വാളാണ് പിടിയിലായത്.
കലാപത്തിന് നേതൃത്വം നല്‍കിയവരില്‍ പ്രധാന പ്രതിയാണ് ഇപ്പോള്‍ അറസ്റ്റിലായ ശിഖര്‍ അഗര്‍വാള്‍. കലാപം നടന്ന് ഒരു മാസം പിന്നിട്ട ശേഷമാണ് പെലീസിന് പ്രതിയെ പിടികൂടാനായത്.മുഖ്യപ്രതിയും ബജ്‌റംഗ്ദള്‍ നേതാവുമായ യോഗേഷ് രാജിനെ കഴിഞ്ഞ ആഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സുബോധ് സിംഗിനെ വെടിവെച്ച ടാക്‌സി െ്രെഡവറെ ഡിസംബര്‍ 28ന് അറസ്റ്റ് ചെയ്തിരുന്നു. പ്രശാന്ത് നാട്ട് എന്നയാളാണ് അറസ്റ്റിലായത്. താനാണ് സുബോധ് കുമാറിനെ വെടിവെച്ചതെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തിയതായി പോലീസ് അറിയിച്ചിരുന്നു.
ഡിസംബര്‍ മൂന്നിനാണ് ബുലന്ദ്ശഹറില്‍ പശുവിനെ അറുത്തെന്നാരോപിച്ച് സംഘപരിവാര്‍ സംഘടനകളുടെ ആഭിമുഖ്യത്തില്‍ കലാപം നടത്തിയതും പോലീസ് ഇന്‍സ്‌പെക്ടര്‍ സുബോധ് കുമാര്‍ സിംഗിനെ വെടിവെച്ച് കൊലപ്പെടുത്തുന്നതും. കലാപത്തിനിടെ പ്രദേശവാസിയായ യുവാവും കൊല്ലപ്പെട്ടിരുന്നു.
പശുക്കളുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നുണ്ടായ ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനിടെയാണ് സുബോധ് കുമാര്‍ വെടിയേറ്റ് മരിച്ചത്. അക്രമികള്‍ പോലിസ് എയ്ഡ് പോസ്റ്റും പോലിസ് സ്‌റ്റേഷനും ആക്രമിക്കുകയും പോലിസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തിരുന്നു. അഖ്‌ലാഖ് വധക്കേസില്‍ 18 സംഘപരിവാര്‍ പ്രവര്‍ത്തകരെ പ്രതിചേര്‍ത്ത് കുറ്റപത്രം നല്‍കിയ അന്വേഷണ ഉദ്യോഗസ്ഥനാണ് കൊല്ലപ്പെട്ട സുബോധ് കുമാര്‍ സിംഗ്. കലാപത്തിനിടെ ഇന്‍സ്‌പെക്ടറെ മാത്രം ഹിന്ദുത്വര്‍ തിരഞ്ഞ് പിടിച്ച് വെടിവച്ച് കൊന്നത് ആസൂത്രിതമാണെന്ന് അന്ന് തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു.
ബുലന്ദ്ശഹറില്‍ ഗോവധമാരോപിച്ച് അക്രമം നടത്തിയ സംഭവത്തില്‍ ശിഖര്‍ അഗര്‍വാളടക്കം 30 പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റു ചെയ്തിരിക്കുന്നത്.