ഉത്തരാഖണ്ഡ് തുരങ്കാപകടം: അഞ്ച് ദിവസമായിട്ടും തൊഴിലാളികളെ പുറത്തെത്തിക്കാനായില്ല
ഡല്‍ഹി: ഉത്തരാഖണ്ഡ് ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ അഞ്ചാം ദിനത്തിലും പുറത്തെത്തിക്കാനായില്ല. രക്ഷാപ്രവര്‍ത്തനം നൂറു മണിക്കൂര്‍ പിന്നിട്ടു. കൂടുതല്‍ ദൈര്‍ഘ്യത്തില്‍ മണ്ണ് തുരക്കാനുള്ള യന്ത്രം ഇന്ന് മുതല്‍ ഉപയോഗിച്ച് തുടങ്ങും. ഉത്തരാഖണ്ഡ് സര്‍ക്കാറും കേന്ദ്ര സര്‍ക്കാറും രക്ഷാപ്രവര്‍ത്തനം വിലയിരുത്തുന്നുണ്ട്.
സില്‍ക്യാര തുരംഗത്തില്‍ കുടുങ്ങിയ 40 തൊഴിലാളികളെ പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങള്‍ രാപകല്‍ ഭേദമന്യേ തുടരുകയാണ്. ബലം കുറഞ്ഞ പാറകള്‍ തുരക്കുന്നതിലെ അപകട സാധ്യതാ തിരിച്ചറിഞ്ഞാണ് അമേരിക്കന്‍ നിര്‍മിത ഓഗര്‍ മെഷീന്‍ മൂന്ന് വ്യോമസേന വിമാനങ്ങളിലായി ഉത്തരകാശിയില്‍ എത്തിച്ചത്. നിലവിലെ യന്ത്രങ്ങള്‍ക്ക് 40 അടി വരെ തുരക്കാന്‍ മാത്രമേ കഴിയൂ. കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ സമീപത്തേക്ക് മറ്റൊരു പൈപ്പ് കൂടി സ്ഥാപിക്കാന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഭക്ഷണവും മരുന്നും ഓക്സിജന്‍ നല്‍കുന്നതിന് വേണ്ടി സ്ഥാപിച്ച കുഴലിലൂടെ ആണ് നല്‍കിയിരുന്നത്. തൊഴിലാളികളുമായി അവരുടെ ബന്ധുക്കളും സംസാരിച്ചു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട് എന്നും തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ സാധ്യമായ എല്ലാ ശ്രമവും തുടരുമെന്നും സ്ഥലം സന്ദര്‍ശിച്ച കേന്ദ്ര മന്ത്രി വികെ സിംഗ് പറഞ്ഞു.
കര വ്യോമസേന വിഭാഗങ്ങളും സജീവമായി രക്ഷാ ദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സങ്കീര്‍ണമായ രക്ഷാ പ്രവര്‍ത്തനം നടത്തിയവരുടെ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ചാണ് സില്‍ക്യാര തുരംഗത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. പുതിയ ഓഗര്‍ യന്ത്രം സ്ഥാപിച്ച തൊഴിലാളികളെ പുറത്ത് എത്തിക്കാന്‍ നാളെയോടെ കഴിയുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.