കുട്ടികള്‍ക്കെതിരായ അതിക്രമം: അഞ്ചുവര്‍ഷത്തിനിടെ നാലുലക്ഷത്തില്‍പരം കേസുകള്‍

2013 മുതല്‍ 2017 വരെയുള്ള കണക്കുകളാണ് ഞെട്ടിക്കുന്ന ഈ വസ്തുത വ്യക്തമാക്കുന്നത്. സെന്‍ട്രല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടേതാണ് കണക്കുകള്‍. ഇതുപ്രകാരം ഈ അഞ്ചുവര്‍ഷത്തിനിടയ്ക്ക് 4,77,809 കുറ്റകൃത്യങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Update: 2019-12-03 11:11 GMT

ന്യൂഡല്‍ഹി: കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഢി ലോക്‌സഭയില്‍. ഇതുസംബന്ധിച്ച ടി എന്‍ പ്രതാപന്‍ എംപിയുടെ ചോദ്യങ്ങള്‍ക്ക് രേഖാമൂലം മറുപടി നല്‍കുകയായിരുന്നു കേന്ദ്രമന്ത്രി. 2013 മുതല്‍ 2017 വരെയുള്ള കണക്കുകളാണ് ഞെട്ടിക്കുന്ന ഈ വസ്തുത വ്യക്തമാക്കുന്നത്. സെന്‍ട്രല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടേതാണ് കണക്കുകള്‍. ഇതുപ്രകാരം ഈ അഞ്ചുവര്‍ഷത്തിനിടയ്ക്ക് 4,77,809 കുറ്റകൃത്യങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും ശരാശരി 20,000 കേസുകളുടെയെങ്കിലും വര്‍ധനവുണ്ട്.

2013ല്‍ 58,224 കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ 2017 ആയപ്പോഴേക്കും ഇത് 1,29,032 കേസുകളായി വര്‍ധിച്ചു എന്ന് കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി ആഭ്യന്തര വകുപ്പ്, സ്ത്രീശിശുക്ഷേമ വകുപ്പ്, സാമൂഹ്യനീതി വകുപ്പ് തുടങ്ങിയ മന്ത്രാലയങ്ങള്‍ കൂട്ടായ ശ്രമങ്ങള്‍ നടത്തിവരികയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ എഫ്‌ഐആര്‍ ഉണ്ടാക്കുന്നത് മുതല്‍ മറ്റു നടപടിക്രമങ്ങളിലൊന്നുംതന്നെ കാലതാമസം വരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധവേണമെന്ന് നിര്‍ദേശമുണ്ട്.

12 വയസിന് താഴെയുള്ള പെണ്‍കുട്ടികക്കെതിരേ ലൈംഗികാതിക്രമമുണ്ടായാല്‍ പ്രതിക്ക് വധശിക്ഷ ഉറപ്പാക്കാന്‍ 2013 ക്രിമിനല്‍ ചട്ടം 2018 ല്‍ ഭേദഗതി ചെയ്തിരുന്നു. ഇത്തരം കേസുകളുടെ പുരോഗതി അറിയാന്‍ ഇന്‍വെസ്റ്റിഗേഷന്‍ ട്രാക്കിങ് സിസ്റ്റം ആവിഷ്‌കരിച്ചത് 2018 ലാണ്. കുറ്റാരോപിതരുടെ ഡിഎന്‍എ പരിശോധന കാര്യക്ഷമമാക്കാന്‍ ചണ്ഡീഗഡിലെ ഫോറന്‍സിക് ലൈബ്രറി സര്‍വസജ്ജമാക്കിയിട്ടുണ്ട്. കൂടാതെ, അഹമ്മദാബാദ്, ബംഗളൂരു, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത, ലഖ്‌നോ, മുംബൈ എന്നീ എട്ട് നഗരങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ സ്മാര്‍ട്ട് പോലിസിങ് ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി നല്‍കിയ മറുപടിയില്‍ പറയുന്നു. 

Tags:    

Similar News