വിശാഖപട്ടണത്ത് കപ്പല്‍നിര്‍മാണശാലയില്‍ ക്രെയിന്‍ തകര്‍ന്ന് 10 മരണം

കപ്പല്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ കൊണ്ടുപോവാന്‍ ഉപയോഗിച്ചിരുന്ന ക്രെയിന് തകരാറുണ്ടായതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം.

Update: 2020-08-01 10:26 GMT

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് കപ്പല്‍ശാലയില്‍ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ 10 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് റിപോര്‍ട്ടുണ്ട്. ശനിയാഴ്ച രാവിലെ ഹിന്ദുസ്ഥാന്‍ ഷിപ്പ്‌യാര്‍ഡ് ലിമിറ്റഡിലാണ് അപകടമുണ്ടായത്. കപ്പല്‍ നിര്‍മാണത്തിനുള്ള ഉപകരണങ്ങള്‍ കൊണ്ടുപോവാന്‍ ഉപയോഗിച്ചിരുന്ന ക്രെയിന് തകരാറുണ്ടായതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പരിശോധിക്കുന്നതിനിടെയായിരുന്നു അപകടം. കൂറ്റന്‍ ക്രെയിന്‍ പെട്ടെന്ന് വലിയ ശബ്ദത്തോടെ തകര്‍ന്നുവീഴുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

ക്രെയിന്‍ വീഴുന്നതുകൊണ്ട് തൊഴിലാളികളില്‍ ചിലര്‍ ഓടിമാറിയെങ്കിലും മറ്റുള്ളവര്‍ ക്രെയിനിന്റെ അടിയില്‍പ്പെടുകയായിരുന്നു. കപ്പല്‍ശാല ജീവനക്കാരുടെ സഹായത്തോടെ പോലിസ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയാണ്. പരിക്കേറ്റ തൊഴിലാളികളെ പ്രാദേശിക ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. വിശാഖപട്ടണം പോലിസ് കമ്മീഷണര്‍ ആര്‍ കെ മീണ സംഭവസ്ഥലത്തെത്തി പരിശോധ നടത്തി. സംസ്ഥാന ടൂറിസം മന്ത്രി മുത്താംസെട്ടി ശ്രീനിവാസ് റാവു അപകടത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും രക്ഷാപ്രവര്‍ത്തനം ഏറ്റെടുക്കാന്‍ ജില്ലാ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. 

Tags:    

Similar News