ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന ദിവസം രാജി; കര്‍ണാടക മുഖ്യമന്ത്രി യെദിയൂരപ്പ

മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ വിഷയത്തില്‍ ഇതാദ്യമായാണ് കര്‍ണാടക മുഖ്യമന്ത്രി പരസ്യപ്രതികരണവുമായി രംഗത്തുവരുന്നത്.

Update: 2021-06-06 10:25 GMT

ബംഗളൂരു: ബിജെപി കേന്ദ്രനേതൃത്വം ആവശ്യപ്പെടുന്ന ദിവസം കര്‍ണാടക മുഖ്യമന്ത്രിപദത്തില്‍നിന്ന് രാജിവയ്ക്കുമെന്ന് ബി എസ് യെദിയൂരപ്പ. ഡല്‍ഹിയിലെ നേതൃത്വത്തിന് തന്നില്‍ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരും. സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുന്ന ദിവസം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റിയേക്കുമെന്ന വാര്‍ത്തകള്‍ക്കിടെ വിഷയത്തില്‍ ഇതാദ്യമായാണ് കര്‍ണാടക മുഖ്യമന്ത്രി പരസ്യപ്രതികരണവുമായി രംഗത്തുവരുന്നത്.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയുമായി യെദിയൂരപ്പയും മകന്‍ ബി വൈ വിജയേന്ദ്രയും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യെദിയൂരപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യെദിയൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ബിജെപി ദേശീയ സെക്രട്ടറി സി ടി രവി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

തന്റെ നിലപാട് വ്യക്തമാണ്. കേന്ദ്രനേതൃത്വം തനിക്കൊരു അവസരം തന്നു. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബാക്കിയൊക്കെ കേന്ദ്രനേതൃത്വത്തിന്റെ പക്കലാണെന്ന് മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി യെദിയൂരപ്പ വ്യക്തമാക്കി.

യെദിയൂരപ്പയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ബിജെപിയിലെ മറുപക്ഷം പലതവണ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു. ഇതിനിടെയാണ് യെദിയൂരപ്പ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാല്‍ പകരം ആളില്ലാത്തത് പ്രശ്‌നമാവില്ല. രാജ്യത്തൊട്ടാകെയുള്ള ഏതൊരു സംസ്ഥാനത്തും എല്ലായ്‌പ്പോഴും ഒരു ബദലുണ്ടാവും. കര്‍ണാടകയില്‍ ബദലുകളൊന്നുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. കേന്ദ്രനേതൃത്വം എന്നില്‍ വിശ്വസിക്കുന്നതുവരെ ഞാന്‍ മുഖ്യമന്ത്രിയായി തുടരും- യെദിയൂരപ്പ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News