സംസ്ഥാനത്ത് ദുരന്തനിവാരണ സാക്ഷരതാ യജ്ഞം നടത്തും: മന്ത്രി കെ രാജന്‍
പറവൂരിലെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം നാടിന് സമര്‍പ്പിച്ചു.ലോകബാങ്ക് നല്‍കിയ 6 കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ സൈക്ലോണ്‍ റിസ്‌ക് മാനേജ്‌മെന്റ് പ്രോജക്ട് കേരളയും ചേര്‍ന്നാണ് തുരുത്തിപ്പുറം എസ്എന്‍വിജിഎല്‍പിഎസ് അങ്കണത്തില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്
കൊച്ചി: അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരതാ യജ്ഞം നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജന്‍.പറവൂരിലെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ദുരന്ത ലഘൂകരണത്തിനായി ജനങ്ങളുടെ മുന്നറിയിപ്പുകള്‍കൂടി പരിഗണിച്ചു കൊണ്ടുളള പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയെന്നും മന്ത്രി പറഞ്ഞു. തുരുത്തിപ്പുറം ഗവ.എല്‍പിസ്‌കൂള്‍ പരിസരത്തുനടന്ന ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അധ്യക്ഷത വഹിച്ചു.
പ്രകൃതി ദുരന്തങ്ങളാല്‍ ബുദ്ധിമുട്ടുന്ന പറവൂര്‍മേഖലയുടെ ആവശ്യകതയാണ് ഈ ദുരിതാശ്വാസ അഭയകേന്ദ്രമെന്ന് വി ഡി സതീശന്‍ പറഞ്ഞു.സംസ്ഥാന തൊഴില്‍ വകുപ്പിന്റെ തൊഴില്‍ ശ്രേഷ്ഠ പുരസ്‌കാരം നേടിയ പറവൂര്‍ സ്വദേശി കെ ജി സുശീലയെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.ലോകബാങ്ക് നല്‍കിയ 6 കോടി 15 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് ദേശീയ ദുരന്തനിവാരണ അതോറിറ്റിയും ദേശീയ സൈക്ലോണ്‍ റിസ്‌ക് മാനേജ്‌മെന്റ് പ്രോജക്ട് കേരളയും ചേര്‍ന്നാണ് തുരുത്തിപ്പുറം എസ്എന്‍വിജിഎല്‍പിഎസ് അങ്കണത്തില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. സ്‌കൂളിന്റെ 50 സെന്റ് സ്ഥലം അഭയകേന്ദ്രം നിര്‍മിക്കാനായി വിട്ടുനല്‍കുകയായിരുന്നു. 2019 ഡിസംബറിലാണ് നിര്‍മാണം ആരംഭിച്ചത്.
മൂന്നു നിലകളുള്ള കെട്ടിടത്തില്‍ വിശാലമായ പാര്‍ക്കിങ്ങ് സൗകര്യത്തോടുകൂടിയ ബേസ്‌മെന്റ് ഫ്‌ളോര്‍, രണ്ട് സ്‌റ്റെയര്‍, ഹാള്‍, കിച്ചന്‍, സ്‌റ്റോര്‍, ഇലക്ട്രിക്കല്‍ റൂം, സാധാരണ ടോയ്‌ലറ്റുകള്‍ക്ക് പുറമെ ഭിന്നശേഷി സൗഹൃദ ടോയ്‌ലറ്റ്, മാനേജ്‌മെന്റ് റൂം, സിക്ക് റൂം, വരാന്ത എന്നീ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ ടെറസില്‍ വാട്ടര്‍ ടാങ്ക്, താഴെ അഗ്‌നിശമന സൗകര്യത്തിനും കുടിവെളള മഴവെള്ള സംഭരണത്തിനുമുളള പ്രത്യേക ടാങ്കുകളും ജനറേറ്റര്‍ റൂമും നിര്‍മ്മിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിന് ആകെ 1030 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്.
1000 പേരെ ഉള്‍ക്കൊള്ളിക്കാനാകുന്ന ഈ കെട്ടിടം ഭിന്നശേഷി സൗഹൃദമായാണ് നിര്‍മിച്ചിരിക്കുന്നത്. വീല്‍ചെയര്‍ കൊണ്ടുപോകാനുള്ള റാമ്പും ഇതിനോടനുബന്ധിച്ച് നിര്‍മിച്ചിട്ടുണ്ട്. സംസ്ഥാന റവന്യൂ വകുപ്പ് മേല്‍നോട്ടം വഹിച്ച ഈ പദ്ധതിയുടെ നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിനായിരുന്നു.പ്രളയം, മഴക്കെടുതികള്‍ പോലുള്ള പ്രതിസന്ധി ഘട്ടങ്ങളില്‍ വടക്കേക്കര, ചിറ്റാറ്റുകര, ചേന്ദമംഗലം പഞ്ചായത്തുകള്‍ക്ക് സംയുക്തമായി ഉപയോഗിക്കാനുള്ള ഈ അഭയകേന്ദ്രം, അഭയാര്‍ഥികള്‍ ഇല്ലാത്തപ്പോള്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി പ്രയോജനപ്പെടുത്തും.