പിണറായി മന്ത്രിസഭയൂടെ 1000 ദിവസം വിപുലമായി ആഘോഷിക്കുന്നു
നിയമസഭയുടെ 14ാം സമ്മേളനം ജനുവരി 25 മുതല്‍
തിരുവനന്തപുരം: പിണറായി മന്ത്രിസഭ ആയിരം ദിവസം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതു സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കാന്‍ എ കെ ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കെ കൃഷ്ണന്‍ കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി. എ കെ ശശീന്ദ്രന്‍ എന്നിവര്‍ അംഗങ്ങളാണ്. എന്നാല്‍, പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കിയും ആഘോഷണങ്ങള്‍ ഒഴിവാക്കിയുമുള്ള പരിപാടികളായിരിക്കും ആസൂത്രണം ചെയ്യുക. നേരത്തേ സംസ്ഥാന സ്‌കൂള്‍ കലോല്‍സവം ഉള്‍പ്പെടെയുള്ളവ ഇത്തരത്തില്‍ ലഘൂകരിച്ചിരുന്നു. നിയമസഭയുടെ 14ാം സമ്മേളനം ജനുവരി 25 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചു.ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ മല്‍സ്യോല്‍പ്പാദനം വര്‍ധിപ്പിക്കാനും മല്‍സ്യകര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാനും ലക്ഷ്യമിടുന്ന മല്‍സ്യബന്ധന നയത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുക, മൂല്യവര്‍ധനവിലൂടെ വിളവിന് പരമാവധി വില ഉറപ്പാക്കുക, മല്‍സ്യത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും ക്ഷേമവും ഉറപ്പാക്കുക, കടല്‍-ഉള്‍നാടന്‍ മല്‍സ്യബന്ധന പ്രവര്‍ത്തനങ്ങളെ പരിപാലിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക, ഗുണമേന്‍മയുളള മല്‍സ്യം വൃത്തിയോടെ വിതരണം ചെയ്യുക, മല്‍സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍ സുരക്ഷ ഏര്‍പ്പെടുത്തുക, മല്‍സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക നിലവാരം മെച്ചപ്പെടുത്തുക, ഇടനിലക്കാരുടെ ചൂഷണത്തിന് മല്‍സ്യത്തൊഴിലാളികളെ രക്ഷിക്കാന്‍ സഹകരണ പ്രസ്ഥാനം ശക്തിപ്പെടുത്തുക മുതലായ ലക്ഷ്യങ്ങളാണ് നയത്തിലുളളത്.
കണ്ണൂര്‍ സര്‍വകലാശാലയ്ക്കും കാലിക്കറ്റ് സര്‍വകലാശാലയ്ക്കും കിഫ്ബി മുഖേന 150 കോടി രൂപ വീതം സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചു. മഹാത്മാഗാന്ധി സര്‍വകലാശാലയ്ക്ക് 132.75 കോടി രൂപ സഹായം നല്‍കും.ട്രാവന്‍കൂര്‍-കൊച്ചി മെഡിക്കല്‍ കൗണ്‍സിലിലെ രജിസ്ട്രാര്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ ഒഴികെയുളള ജീവനക്കാരുടെ നിയമനം പിഎസ്‌സി മുഖേന നടത്തുന്നതിന് നിയമം കൊണ്ടുവരാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച് 2018ലെ കേരളാ പബ്ലിക് സര്‍വീസ് കമ്മീഷന്‍(ട്രാവന്‍കൂര്‍കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിനെ സംബന്ധിച്ച ചുമതലകള്‍) ബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
പിഎസ്‌സി ഓഫിസ് സമുച്ഛയം നിര്‍മിക്കാന്‍ കൊല്ലം ജില്ലയില്‍ മുണ്ടക്കല്‍ വില്ലേജില്‍ 16.2 ആര്‍ പുറമ്പോക്കു ഭൂമി പാട്ടത്തിനു നല്‍കാന്‍ തീരുമാനിച്ചു.കേരളാ ഹൈസ്പീഡ് റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. കേരളത്തിന്റെ വടക്ക്-തെക്ക് ഭാഗങ്ങളെ ബന്ധിപ്പിച്ച് അതിവേഗ റെയില്‍ ഇടനാഴി സ്ഥാപിക്കാന്‍ കോര്‍പറേഷന്‍ രൂപീകരിക്കാന്‍ 2009ലാണ് തീരുമാനിച്ചത്. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേയുമായി യോജിച്ച് കേരളാ റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ രൂപീകരിക്കുകയും നിലവിലുളള റെയില്‍പാതകള്‍ക്ക് സമാന്തരമായി സെമി ഹൈസ്പീഡ് റെയില്‍ പദ്ധതി നടപ്പാക്കാന്‍ മുന്‍ഗണന നല്‍കുകയും ചെയ്തതിനാലാണ് കോര്‍പറേഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.
വയനാട് ജില്ലയില്‍ 1998-99 മുതല്‍ നടപ്പാക്കിയ കബനി റിവര്‍വാലി പദ്ധതിയുടെ 3,496 ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച 85.47 ലക്ഷം രൂപയുടെ വായ്പയും പിഴപ്പലിശയും അടക്കം 1.17 കോടി രൂപ എഴുതിത്തള്ളാന്‍ തീരുമാനിച്ചു. കഠിന വരള്‍ച്ചയും പ്രകൃതിക്ഷോഭവും മൂലമുണ്ടായ കൃഷിനാശവും ദുരിതവും കണക്കിലെടുത്താണ് വായ്പ എഴുതിത്തള്ളുന്നത്.അരീക്കോട് പോലിസ് രജിസ്റ്റര്‍ ചെയ്ത ഇരട്ട കൊലപാതക കേസില്‍ തൊണ്ടി സാധനങ്ങള്‍ കണ്ടെടുക്കാന്‍ ചാലിയാറില്‍ തിരച്ചില്‍ നടത്തുന്നതിനിടെ മുങ്ങിമരിച്ച എം വി റിയാസിന്റെ വിധവയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും. കേരള ഹൈക്കോടതിക്കു വേണ്ടി അഞ്ച് താല്‍ക്കാലിക ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി തസ്തിക സൃഷ്ടിക്കും. കേരള ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്റ് റിസര്‍ച്ചിന്(തൃശൂര്‍) 20 സ്ഥിരം തസ്തികകളും 8 താല്‍ക്കാലിക തസ്തികകള്‍ ദിവസ വേതനാടിസ്ഥാനത്തിലും അനുവദിക്കാന്‍ തീരുമാനിച്ചു. സംസ്ഥാനത്തെ 39 സര്‍ക്കാര്‍ കോളേജുകളിലായി 141 അധ്യാപക തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു.സെക്രട്ടേറിയേറ്റ് അനക്‌സ് 2 ബ്ലോക്കില്‍ പൊതുമരാമത്ത് വൈദ്യുതി വിഭാഗത്തിന്റെ പ്രവര്‍ത്തനത്തിന് 8 തസ്തികകള്‍ സൃഷ്ടിക്കും. ശ്രീവിദ്യാധിരാജ ഹോമിയോപതിക് മെഡിക്കല്‍ കോളജില്‍ 48 അധ്യാപകേതര തസ്തികകള്‍ താല്‍ക്കാലികമായി സൃഷ്ടിക്കാന്‍ തീരുമാനിച്ചു.