സംസ്ഥാന ഹജ്ജ് ക്യാംപ് ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
300 പേരാണ് ആദ്യ വിമാനത്തില്‍ യാത്രയാവുക. ഹജ്ജ് വാളന്റിയര്‍മാരായ എന്‍ പി സെയ്തലവി, മുജീബ് റഹ്മാന്‍ പുഞ്ചിരി എന്നിവര്‍ ആദ്യ വിമാനത്തില്‍ ഹജ്ജാജിമാരെ അനുഗമിക്കും.
പെരിന്തല്‍മണ്ണ: സംസ്ഥാന ഹജ്ജ് ക്യാംപ് ഇന്ന് വൈകിട്ട് 4.30 ന് ഹജ്ജ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് ഹൗസിനോട് അനുബന്ധിച്ച് അഞ്ച് കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന വനിതാ ബ്ലോക്കിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മുഖ്യമന്ത്രി നിര്‍വഹിക്കും. മന്ത്രി ഡോ.കെ ടിജലീല്‍ അദ്ധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയാവും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പ്രഭാഷണം നടത്തും.
കരിപ്പൂരില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ഞായറാഴ്ച ഉച്ചയ്ക്ക് 2.25ന് പുറപ്പെടും. ആദ്യ വിമാനത്തിന്റെ ഫഌഗ് ഓഫ് മന്ത്രി ഡോ.കെ ടി ജലീല്‍ നിര്‍വഹിക്കും. 300 പേരാണ് ആദ്യ വിമാനത്തില്‍ യാത്രയാവുക. ഹജ്ജ് വാളന്റിയര്‍മാരായ എന്‍ പി സെയ്തലവി, മുജീബ് റഹ്മാന്‍ പുഞ്ചിരി എന്നിവര്‍ ആദ്യ വിമാനത്തില്‍ ഹജ്ജാജിമാരെ അനുഗമിക്കും. ക്യാമ്പിലെ ഹജ്ജ് സെല്‍ ഇന്നലെയോടെ പൂര്‍ണ്ണതോതില്‍ സജ്ജമായി. ഹാജിമാരുടെ യാത്രാ സംബന്ധമായ രേഖകള്‍ കൈമാറുക, വിമാന സമയത്തിന് അനുസരിച്ച് ഹാജിമാരെ യാത്രയാക്കുന്നതിന് ആവശ്യമായ കാര്യങ്ങള്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ക്രമീകരിക്കുക തുടങ്ങിയവയാണ് ഹജ്ജ് സെല്‍ ഉദ്യോഗസ്ഥന്‍മാരുടെ പ്രധാന ചുമതല. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്ന് ഡെപ്യൂട്ടേഷനില്‍ നിയമിതരായ 55 ഉദ്യോഗസ്ഥരാണ് ഹജ്ജ് സെല്‍ പ്രവര്‍ത്തനത്തിലുള്ളത്. ഡിവൈഎസ്പി എസ് നജീബാണ് ഹജ്ജ് സെല്‍ ഓഫിസര്‍. ഹജ്ജ് സെല്ലിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ മോക് ഡ്രില്‍ ഇന്നലെ നടന്നു. കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂരിലെ ഇന്‍ ചാര്‍ജ്ജ് ഓഫിസര്‍ ഷാ നാസിം അലി, ഒഫിഷ്യലുകളായ അന്‍സാരി ഷെഹ്ബാസ്, ഉല്‍ദി മുഈന്‍, ഷെയ്ഖ് മുഹമ്മദ് സഫര്‍ എന്നിവര്‍ ഇന്നലെ ഹജ്ജ് ഹൗസിലെത്തി ചുമതലയേറ്റു.